തലശ്ശേരി: 14 ,15 തിയതികളില്‍ ഒറീസയിലെ ഭുവനേശ്വറില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ യൂത്ത് 20 വിഭാഗത്തില്‍ എടച്ചേരി സ്വദേശിയായ അമല്‍ മനോജ് പങ്കെടുക്കും. 19 വിദേശരാജ്യങ്ങളും യൂറോപ്പ് യൂണിയനും അടക്കം പങ്കെടുക്കുന്ന വിഭാഗത്തിലാണ് അമല്‍ മനോജ് പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്നും ഇതുവരെ മൂന്ന് യുവാക്കളാണ് ഇതിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് , കേരളത്തില്‍ നിന്നും അമല്‍ മനോജ് മാത്രമാണ് ഇതിലിടം നേടിയത്. കേന്ദ്ര യുവജനക്ഷേമ മന്ത്രാലയമാണ് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് 2019 ജൂലൈ മാസം രണ്ട് മുതല്‍ ഒമ്പത് വരെ നടന്ന ഇന്ത്യ-ചൈന യൂത്ത് ഡെലിഗേഷനില്‍ ഇന്ത്യന്‍ യൂത്ത് അംബാസിഡര്‍ ആയും അമല്‍ മനോജ് പങ്കെടുത്തിരുന്നു. നാലംഗ ഇന്ത്യന്‍ സംഘത്തില്‍ ഏറ്റവും പ്രായം കുറഞ്ഞതും കേരളത്തില്‍ നിന്നുള്ള ഏക വിദ്യാര്‍ഥിയും അമല്‍ ആയിരുന്നു.
നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ 2018ല്‍ നോയിഡയില്‍ നടന്നപ്പോള്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ ആയിരുന്നു അമല്‍. അവിടെ നടന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ പ്രസംഗിക്കാന്‍ അമല്‍ മനോജിന് അവസരം ലഭിച്ചിരുന്നു. കേരളീയ വേഷത്തില്‍ പ്രസംഗിച്ചപ്പോള്‍ പ്രധാനമന്ത്രി നേരിട്ട് അമല്‍ മനോജിനെ അഭിനന്ദിക്കുകയുണ്ടായി. 2021ലെ റിപ്പബ്ലിക് ദിന പരേഡില്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഹൗസില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കാനും അമല്‍ മനോജിന് കഴിഞ്ഞു.
2021ലെ കൊവിഡ് കാലത്ത് 15 പേര്‍ മാത്രമായിരുന്നു പരിപാടികള്‍ അവതരിപ്പിച്ചത്, അതില്‍ കേരളത്തില്‍ നിന്നും അവസരം ലഭിച്ച ഏക അംഗം അമല്‍ ആയിരുന്നു. പി.എം സ്‌പെഷ്യല്‍ മെന്‍ഷന്‍ മൊമന്റോയും ലഭിച്ചു. പ്രധാനമന്ത്രിയുടെ കൂടെ ഡിന്നര്‍ കഴിക്കാനും അവസരം ലഭിച്ചു. ചൈനയില്‍ നടന്ന രാജ്യാന്തര യുവജന ക്യാമ്പില്‍ ഉള്‍പ്പെട്ടതിനാല്‍ കേന്ദ്ര യുവജനകാര്യ മന്ത്രാലയം നേരിട്ട് അമല്‍ മനോജിനെ നോമിനേറ്റ് ചെയ്യുകയായിരുന്നു. ഇരിങ്ങണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഏറ്റവും മികച്ച എന്‍.എസ്.എസ് വളണ്ടിയര്‍ ലീഡര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും 2018ല്‍ അമലിന് ലഭിച്ചിരുന്നു. അതേ വര്‍ഷം തന്നെ അഖിലേന്ത്യാതലത്തില്‍ നടന്ന നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌കാരവും തേടിയെത്തി.
ഓട്ടന്‍ തുള്ളലിലും , മോണോ ആക്ടിലും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഒന്നാംവര്‍ഷവും രണ്ടാം വര്‍ഷവും അമല്‍ മനോജിന് ലഭിച്ചിരുന്നു. ഡിഗ്രി പഠനം ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ രാംജാസ് കോളേജില്‍ ആയിരുന്നു. ബി.എസ്‌സി മാത്‌സ് ഓണേഴ്‌സ് നേടുകയും അവിടേയും ഓട്ടന്‍തുള്ളല്‍, ഡ്രാമ തീയറ്റര്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി. 2022 മുതല്‍ ഐ.ഐ.എം.സി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ മിസോറാമില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ചൈനയില്‍ ഇന്ത്യന്‍ യൂത്ത് അംബാസിഡറായി പോയശേഷം തിരിച്ചെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിളിച്ച് അനുമോദിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തിട്ടുണ്ട്