മാഹി: മാഹി മഹാത്മാഗാന്ധി ഗവ.ആര്‍ട്സ് കോളേജില്‍ നിന്നും 37 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച മാതൃകാധ്യാപകന് ഡോ.പി.രവീന്ദ്രന് പിറന്ന നാടിന്റെ ഹൃദ്യമായ സ്നേഹാദരം. പുതുച്ചേരി ഭരണ സിരാ കേന്ദ്രങ്ങളിലെ ഉന്നതരും മയ്യഴിയിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹ്യ രംഗങ്ങളിലെ പ്രതിഭാധനരും ഡോ. പി.രവീന്ദ്രന്റെ സഹപാഠികളും ശിഷ്യരും സുഹൃത്തുകളും നിറഞ്ഞ് കവിഞ്ഞ ഇ.വത്സരാജ് ഓഡിറ്റോറിയം അക്ഷരാര്‍ഥത്തില്‍ മയ്യഴി പൗരാവലിയുടെ പരിച്ഛേദമായി. പതിവ് രീതിയിലുള്ള ചടങ്ങുകള്‍ക്ക് പകരം ആധുനിക ഡിജിറ്റല്‍ സങ്കേതിക വിദ്യ ഉപയോഗിച്ച് വേദിയിലും സദസിലും സന്നിഹിതരായവരും മറ്റ് സഹപ്രവര്‍ത്തകരും പൂര്വ്വവിദ്യാര്ഥികളും ബന്ധുക്കളും ലൈവായും വെര്‍ച്വലായും അനുഭവങ്ങളും ഓര്‍മകളും പങ്കുവെച്ചു.
ഡോ.പി.രവീന്ദ്രന്റെ പ്രതികരണവും ഒപ്പംജീവചരിത്ര രേഖയും വേദിയില്‍ തെളിഞ്ഞു. എം. മുകുന്ദന് ഉദ്ഘാടനവും പുതുച്ചേരി കലക്ടര്‍ ഇ.വല്ലഭന് ഐ.എ.എസ് ആദരസമര്‍പ്പണവും നടത്തി. മാഹി എം.എല്‍.എ രമേശ് പറമ്പത്ത്, അഡ്മിനിസ്ട്രേറ്റര്‍ ശിവരാജ് മീണ, പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പി.കെ സത്യാനന്ദന്, അലുംനി സെക്രട്ടറി പി.പി വിനോദന്‍, പ്രശസ്ത വന്യ ജീവി ഫോട്ടോഗ്രാഫര്‍ അസീസ് മാഹി, ഡോ. മഹേഷ് മംഗലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.ഫ്യൂഷന്‍ നൃത്ത പരിപാടിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.