കോഴിക്കോട്: സാഹിത്യകാരനും ഗാനരചയിതാവും സംഗീതജ്ഞനും കണ്ണൂര്‍ ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ ടി.പി രഞ്ജിത്ത് അക്ഷരം പുരസ്കാരം ഏറ്റുവാങ്ങി. എം.കെ രാഘവന് എം.പിയാണ് പുരസ്കാരം സമ്മാനിച്ചത്. എയ്റോസിസ് കോളേജ് എം.ഡി ഡോക്ടര്‍ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. എക്സ് എം.എല്‍.എ പുരുഷന് കടലുണ്ടി, സാഹിത്യകാരന് പി.ആര് നാഥന്, അഖില കേരള സാഹിത്യ സാംസ്കാരിക രംഗം (അക്ഷരം) ചെയര്മാന് റഹീം പൂവാട്ടുപറമ്പ്, കണ്‍വീനര്‍ ഗിരീഷ് പെരുവയല്‍, വൈസ് ചെയര്മാന് ബിജു എം.പി എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ മുണ്ടയാട് സ്വദേശിയായ ടി.പി രഞ്ജിത്ത് 1996ലാണ് കേരളാ പോലിസില്‍ സബ് ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിക്കുന്നത്. സര്‍വീസിലെ സ്ത്യുത്യര്‍ഹ സേവനത്തിന് 200ല്‍ അധികം പ്രശസ്തി പത്രം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2007ല്‍ സംസ്ഥാനത്തെ ഏറ്റവും നല്ല അന്വേഷണ ഉദ്യോഗസ്ഥനുള്ള അവാര്‍ഡ് ലഭിച്ചു. 2013ല്‍ മുഖ്യമന്ത്രിയുടെ പോലിസ് മെഡലും കരസ്ഥമാക്കി. 150ല്‍ അധികം ഗാനങ്ങള്‍ രചിച്ചിട്ടുള്ള രഞ്ജിത്ത് നിരവധി ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ധീര ജവാന്മാര്ക്ക് വേണ്ടി തയ്യാറാക്കിയ ആല്‍ബം ദേശീയ ശ്രദ്ധ നേടുകയും അതിലെ ഒരു ഗാനം ദൂരദര്ശന് വഴി ലൈവ് ടെലിക്കാസ്റ്റ് ചെയ്യുകയും ചെയ്തു. കോഴിക്കോട് മില്ലേനിയം പുറത്തിറക്കിയ അമ്മ എന്ന ആല്‍ബം ലക്ഷ കണക്കിന് ആളുകളാണ് യൂട്യൂബില്‍ കണ്ടത്. ഗുരുവായൂരപ്പനുംവേണ്ടി 100 ല്‍ അധികം ഗാനങ്ങള്‍ രചിച്ചു. പത്തിലധികം ആല്‍ബം പുറത്തിറങ്ങി.
പ്രണയത്തെ പറ്റിയും പ്രകൃതിയെ പറ്റിയും സ്വാതന്ത്ര്യത്തെ പറ്റിയും പൗരന് എന്ന തലക്കെട്ടില്‍ ദരിദ്രമനുഷ്യരുടെ അവസ്ഥ വരച്ചു കാട്ടുന്ന കവിത രചിച്ചു. പോലിസ് സര്‍വീസ് കഥകള്‍ ആസ്പദമാക്കി 18 വോള്യം കഥകള്‍ രചിച്ചു. അതില്‍ ഒരു കഥ സിനിമയാക്കാന്‍ ഒരുങ്ങുകയാണ്. അതിന്റെ തിരക്കഥയുടെ അണിയറയിലാണ് ഇപ്പോള്‍ ടി.പി രഞ്ജിത്ത്.