കോഴിക്കോട്: റോഡപകടങ്ങളില്‍ മരണപ്പെട്ട ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരും തൊഴിലാളികളുമായയ അഞ്ചുപേരുടെ ആശ്രിതര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. വടകര നാദാപുരം റോഡിലെ സൊസൈറ്റിയാസ്ഥാനത്തു നടന്ന ചടങ്ങില്‍ കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ധനസഹായം കൈമാറി. സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാറിടിച്ചു മരണപ്പെട്ട സൈറ്റ് എന്‍ജിനീയര്‍ വിന്‍രൂപ് സി. കെ, സര്‍വ്വേ ഓവര്‍സീയര്‍ ബിപിന്‍ സുരേഷ് വി.കെ എന്നിവരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപവീതവും ആദര്‍ശ് ഒ. വി, ബംഗാളില്‍നിന്നുള്ള ചാണ്ടി സര്‍ക്കാര്‍ എന്നിവരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപവീതവുമാണ് നല്‍കിയത്. സൊസൈറ്റിയുടെ പദ്ധതിപ്രകാരം ഇന്‍ഷുറന്‍സ് ക്ലെയിമായി ലഭിച്ച തുകയാണിത്.
റോഡപകടത്തില്‍ മരിച്ച മറ്റൊരു തൊഴിലാളിയായ കുട്ടപ്പന്‍ നായരുടെ ഇ.എസ്.ഐ ആനുകൂല്യമായി 10,440 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിച്ച ഉത്തരവ് അദ്ദേഹത്തിന്റെ ഭാര്യ ശ്യാമള വി.എസിനും കൈമാറി. പയ്യോളിയില്‍ ലോറി ഇടിച്ച് സഹായിക്കാന്‍ ആരും ഇല്ലാതെ റോഡില്‍ കിടന്ന സംഘത്തിലെ ജീവനക്കാരനായ മുജീബിനെ ആശുപത്രിയില്‍ എത്തിച്ച് എല്ലാ സഹായവും ചെയ്ത് മാതൃക കാട്ടിയ ശോഭന്‍ മൂരാടിനെ ചടങ്ങില്‍ ആദരിച്ചു. സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയുടെ അധ്യക്ഷതയില്‍ മുഴുവന്‍ ഡയരക്ടര്‍മാരും ജീവനക്കാരും പങ്കെടുത്ത യോഗത്തില്‍ ചക്കിട്ടപ്പാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥ്, സൊസൈറ്റി വൈസ് ചെയര്‍മാന്‍ വി.കെ അനന്തന്‍, മാനേജിങ്ങ് ഡയരക്ടര്‍ എസ്.ഷാജു, ജനറല്‍ മാനേജര്‍ (അഡ്മിന്‍) കെ. പി ഷാബു എന്നിവര്‍ സംസാരിച്ചു.