തലശ്ശേരി: യുവ ചിത്രകാരി യാമിനി ഒരുക്കുന്ന ഡിജിറ്റല്‍ ചിത്രപ്രദര്‍ശനം ‘ മെമോയേര്‍സ്’ ഏപ്രില്‍ രണ്ടിന് തിരുവങ്ങാട്ടെ കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നൂതന സാങ്കേതിക വിദ്യകളും, വ്യതിരിക്തമായ വര്‍ണ്ണ പ്രയോഗങ്ങളുമായി രചിക്കപ്പെട്ട നാല്‍പ്പതിലേറെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടാവുക. ഡിജിറ്റല്‍ ആര്‍ട്ടിനേയും അതിന്റെ സാധ്യതകളേയും പരിചയപ്പെടുത്താനും ഡിജിറ്റല്‍ മീഡിയയിലൂടെയുള്ള കഥാവിഷ്‌കാരം അനുഭവവേദ്യമാക്കുകയുമാണ് പ്രദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചിത്രകാരി യാമിനി പറഞ്ഞു. നിത്യജീവിതത്തില്‍ നമ്മള്‍ കടന്നു പോകുന്ന കാഴ്ചകളുമായി താദാത്മ്യം പ്രാപിക്കാനും ഈ പ്രദര്‍ശനം കൊണ്ട് സാധിതമാകുമെന്നും ചിത്രകാരി അഭിപ്രായപ്പെട്ടു. ഏപ്രില്‍ രണ്ടിന് വൈകീട്ട് മൂന്ന് മണിക്ക് ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി പൊന്ന്യം ചന്ദ്രന്റെ അധ്യക്ഷതയില്‍ മുന്‍ മന്ത്രി കെ.പി.മോഹനന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ചിത്രകാരി കെ.ഇ.സുലോചന, സിസ്റ്റര്‍ മിനിഷ, ഗായകന്‍ എം.മുസ്തഫ, ചാലക്കര പുരുഷു, സോമന്‍ പന്തക്കല്‍ സംസാരിക്കും. പ്രദര്‍ശനം ഏപ്രില്‍ എട്ടിന് സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രശസ്ത ചിത്രകാരന്‍ സെല്‍വന്‍ മേലൂര്‍, പി.സുനില്‍കുമാര്‍, കെ.രൂപശ്രീ എന്നിവര്‍ സംബന്ധിച്ചു.