കോഴിക്കോട്: സാംസ്‌കാരിക തനിമയും പാരമ്പര്യവും ഇന്നും കാത്തുസൂക്ഷിക്കുന്ന അപൂര്‍വം ദേശങ്ങളിലൊന്നാണ് തെക്കേപ്പുറമെന്നും ദേശത്തിന്റെ പെരുമ ലോക പ്രശസ്തമാണെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അഭിപ്രായപ്പെട്ടു. കുറ്റിച്ചിറയില്‍ പ്രവര്‍ത്തനം ആരംഭിച്ച തെക്കേപ്പുറം ഹെറിറ്റേജ് സൊസൈറ്റിയുടെ ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്ര പ്രസിദ്ധമായ തെക്കേപ്പുറത്തേക്ക് പ്രവേശിക്കുന്ന സൗത്ത് ബീച്ചിലും ഫ്രാന്‍സിസ് റോഡും പൈതൃക കവാടം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര ഫോട്ടോ എക്‌സിബിഷന്‍ കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ ഹെറിറ്റേജ് സൊസൈറ്റി പ്രസിഡന്റ് സി.എ ഉമ്മര്‍കോയ അധ്യക്ഷത വഹിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് എ.സജീവന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ കെ.മൊയ്തീന്‍ കോയ , എസ്.കെ.അബൂബക്കര്‍ കോയ, ദാവൂദി ബോറ, ഖാസി ശൈഖ്, മുസ്തഫ വജ്ഹി, ആര്‍. ജയന്ത്കുമാര്‍ , എം.അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൊസൈറ്റി ജനറല്‍ സെകട്ടറി എം.വി റംസി ഇസ്മായില്‍ സ്വാഗതവും ജോ.സെക്രട്ടറി കെ.വി ഇസ്ഹാഖ് നന്ദിയും പറഞ്ഞു. പ്രദര്‍ശനം 15 വരെ ദിവസവും വൈകീട്ട് 4.30 മുതല്‍ 6.30 വരെയുണ്ടാകും. സൊസൈറ്റിയുടെ നേതൃത്വത്തില്‍ ‘സതേണ്‍ സോള്‍’ എന്ന പേരില്‍ മ്യൂസിയവും ഒരുക്കുന്നുണ്ട്.