തിരിച്ചറിവാണ് മനുഷ്യനെ നേര്‍വഴിക്ക് നയിക്കുന്ന ഘടകം: സ്വാമി അസംഗാനന്ദഗിരി

തിരിച്ചറിവാണ് മനുഷ്യനെ നേര്‍വഴിക്ക് നയിക്കുന്ന ഘടകം: സ്വാമി അസംഗാനന്ദഗിരി

തലശ്ശേരി: സമൂഹത്തില്‍ ഇന്നും നടമാടുന്ന അനാചാരങ്ങളേയും, അന്ധവിശ്വാസങ്ങളേയും തിരിച്ചറിയാനുള്ള വിവേകം നമുക്കുണ്ടാവണമെന്നും, അതിന് ഗുരുദേവ ചിന്തകളെ അടുത്തറിയണമെന്നും തിരിച്ചറിവാണ് മനുഷ്യനെ നേര്‍വഴിക്ക് നയിക്കുന്ന ഘടകമെന്നും സ്വാമി അസംഗാനന്ദഗിരി (ശിവഗിരി) അഭിപ്രായപ്പെട്ടു. സര്‍വമത സമ്മേളന ശതാബ്ദി ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന വിഷയത്തില്‍ നടന്ന സമാപന സമ്മേളനം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമികള്‍. ആദ്ധ്യാത്മിക അനുഭൂതിക്കുമപ്പുറം, സന്തോഷത്തിന്റെയും സാഹോദര്യത്തിന്റേയും കൂട്ടായ്മയായി ജഗന്നാഥ ക്ഷേത്രോത്സവം മാറിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗോകുലം ഗോപാലന്‍ അഭിപ്രായപ്പെട്ടു.
ശിവഗിരി മഠത്തെ പിന്‍പറ്റി ജഗന്നാഥ ക്ഷേത്രത്തിലും ഷര്‍ട്ട് ധരിച്ച് പ്രവേശനം അനുവദിക്കണമെന്ന് മുന്‍ എം.എല്‍.എ എം.വി ജയരാജന്‍ അഭിപ്രായപ്പെട്ടു.

മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് അധിപന്‍ സ്വാമി സുനില്‍ദാസ്, റെയില്‍വെ പാസഞ്ചേഴ്‌സ് അമിനിറ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ്, കെ.ആര്‍ മനോജ് (ഡല്‍ഹി) ടി.കെ രാജന്‍ (മംഗലാപുരം) ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ.സത്യന്‍, അഡ്വ. കെ.അജിത്കുമാര്‍ സംസാരിച്ചു. രവീന്ദ്രന്‍ പൊയിലൂര്‍ സ്വാഗതവും, സി.ഗോപാലന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറി. ഇന്ന് വൈകീട്ട് 5.15ന് ആറാട്ട് എഴുന്നള്ളത്ത് നടക്കും. ഏഴ് മണിക്ക് പതിനെട്ടോളം വിദേശ രാജ്യങ്ങളിലെ നാല്‍പ്പതോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന യോഗധാര അവതരിപ്പിക്കും. 7.30ന് നങ്ങ്യാര്‍ക്കുത്ത്, രാത്രി 9.55ന് കൊടിയിറങ്ങും. മംഗളാരതിക്കും താന്ത്രിക കര്‍മങ്ങള്‍ക്കുംശേഷം ഗംഭീരകരിമരുന്ന് പ്രയോഗവുമുണ്ടാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *