നാദാപുരം: ജില്ലാ വനിതാ ശിശുവികസന ഓഫിസിന്റേയും തൂണേരി ഐ.സി.ഡി.എസിന്റേയും നേതൃത്വത്തില്‍ നാദാപുരം, വളയം ഗ്രാമപഞ്ചായത്തിലെ വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്കും വിവാഹം കഴിച്ചവര്‍ക്കും വേണ്ടി കൗണ്‍സിലിംഗ് ക്യാമ്പ് നാദാപുരം ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് സംഘടിപ്പിച്ചു. വിവാഹമേഖലയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ക്രമാതീതമായി വിവാഹമോചന കേസുകള്‍ വര്‍ധിക്കുകയും യുവജനങ്ങള്‍ക്കിടയില്‍ വിവാഹത്തെക്കുറിച്ചുള്ള മിഥ്യാധാരണകളെ ഇല്ലാതാക്കുന്നതിന് അവബോധനം നടത്തുന്നതിന് വേണ്ടിയാണ് കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പ് നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജനിത ഫിര്‍ദോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫാമിലി കൗണ്‍സില്‍മാരായ സി.വി അനില്‍കുമാര്‍, ടി.കെ റീന എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. നാദാപുരം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വി.ശാലിനി സ്വാഗതവും ഐ.സി.ഡി സൂപ്പര്‍വൈസര്‍ വളയം പി. ബിന്ദു നന്ദി പറഞ്ഞു. ക്യാമ്പില്‍ 65ഓളം ആളുകള്‍ പങ്കെടുത്തു.