ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ദേശീയ സുരക്ഷാവാരാഘോഷം ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: അറിവില്ലായ്മയും അശ്രദ്ധയുമാണ് എല്ലാരംഗത്തും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്നും അവ ദൂരീകരിക്കാനുള്ള ബോധവല്‍ക്കരണമാണ് സുരക്ഷാപ്രവര്‍ത്തനങ്ങളില്‍ പരമപ്രധാനമെന്നും കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ദേശീയ സുരക്ഷാവാരാഘോഷം നാദാപുരം റോഡിലുള്ള ഹെഡ്ഓഫിസ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷാ നടപടികളും സംവിധാനങ്ങളും ഉപയോഗിക്കാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനുമുള്ള മനോഭാവം വളര്‍ത്തിയെടുക്കാന്‍ പരിശീലനങ്ങള്‍ക്ക് കഴിയണം. ഒപ്പം ആധുനിക സുരക്ഷാസംവിധാനങ്ങള്‍ പരിശീലിപ്പിക്കുകയും വേണം. ഇക്കാര്യങ്ങളിലെല്ലാം മികച്ച മാതൃകയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി സൃഷ്ടിച്ചിട്ടുള്ളത്. അഞ്ചുകൊല്ലംകൊണ്ട് അപകടങ്ങളുടെ ആവൃത്തി 0.42-ല്‍നിന്ന് 0.2 ലേക്ക് എത്തിക്കാന്‍ സൊസൈറ്റിക്കു കഴിഞ്ഞുവെന്നത് വലിയനേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
സൊസൈറ്റി നിര്‍വഹിക്കുന്ന നിര്മാണപദ്ധതികളിലെ ഏറ്റവും മികച്ച പരിസ്ഥിതി, ആരോഗ്യ, സുരക്ഷാ ( EHS) പ്രവര്‍ത്തനത്തിനുള്ള പുരസ്ക്കാരം ചെല്ലാനം തീരസംരക്ഷണ പദ്ധതിക്ക് കലക്ടര്‍ സമ്മാനിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രധാനപദ്ധതികളില്‍ മികച്ച പരിസ്ഥിതി, ആരോഗ്യ, സുരക്ഷാ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് വടകര ഇന്‍ഡോര്‍ സ്റ്റേഡിയം, കര്‍മ ബ്രിഡ്ജ് എന്നിവയ്ക്കും സമ്മാനിച്ചു.
നിര്‍മാണം നടക്കുന്ന മറ്റു പ്രധാന പദ്ധതികളിലെ ഇ.എച്ഛ്.എസ് മികവിനുള്ള അവാര്‍ഡുകള്‍ റോഡ് വിഭാഗത്തില്‍ ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ്, പാലക്കാട് ദേശീയപാത 966, പാലം വിഭാഗത്തില്‍ പെരുമ്പളം പാലം, പൂളക്കടവ് ആര്.സി.ബി, കെട്ടിടവിഭാഗത്തില്‍ കെബി ടവര്‍, ഡ്രീം മാള്‍ എന്നിവ കരസ്ഥമാക്കി. ഇടത്തരം പദ്ധതികളില്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്കെട്ടിടം, ചെമ്പുക്കടവ് പാലം, ചെറുകിട പദ്ധതികളില്‍ വടകര സഹകരണ ആശുപത്രിക്കെട്ടിടം, നല്ലളം റീട്ടയിനിങ് വാള് എന്നിവയ്ക്കാണ് അവാര്‍ഡ്. ഈ രംഗത്തെ മികച്ച വ്യക്തിഗത പ്രകടനത്തിനുള്ള പുരസ്കാരങ്ങള്‍ അമല്‍.പി, ഷാബിന് കെ. കെ, ജയന്ത് ബാബു, അമല്‍ജിത്.എസ്, അരുണ്‍രാജ് ടി. കെ, സുബിന് വി.കെ, രഞ്ജിത്.കെ, ശ്രീനാഥ് ടി. കെ, മിക്കി രത്നന്, ശശികുമാര്‍ കനകത്ത് എന്നിവരും അടിയന്തരസേവനങ്ങള്ക്കുള്ള പുരസ്കാരം ശോഭന്‍ മൂരാടും ഏറ്റുവാങ്ങി.
കലക്ടര്‍ പതാക ഉയര്‍ത്തി ആരംഭിച്ച ചടങ്ങില്‍ യു.എല്‍.സി.സി.എസ് ചെയര്മാന് രമേശന് പാലേരി അധ്യക്ഷത വഹിച്ചു. സൊസൈറ്റിയിലെ സേഫ്റ്റി മാനേജര്‍ പി. രജീഷ് സുരക്ഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീനിയര്‍ ഇ.എച്ഛ്.എസ് മാനേജര്‍ പി. ഈശ്വരമൂര്‍ത്തി യു.എല്‍.സി.സി.എസ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം പരിചയപ്പെടുത്തി. കൊയിലാണ്ടി സ്റ്റേഷന് ഫയര്‍ ഓഫീസര്‍ സി. പി. അനന്തന്, കോ-ഓപറേറ്റീവ് ഇന്‍സ്പെക്റ്റര്‍ വി. രാകേഷ്, അസി. ലേബര്‍ ഓഫിസര്‍ എല്‍.എന്‍ അനൂജ്, സൊസൈറ്റി വൈസ് ചെയര്മാന് വി.കെ അനന്തന്, ഡയരക്ടര്‍മാരായ സി.വത്സന്, എം. പദ്മനാഭന്, കെ.ടി രാജന്, പി.കെ സുരേഷ് ബാബു, കെ.ടി.കെ അജി, സി.ഒ.ഒ സുനില്‍കുമാര്‍ രവി, സി.ജി.എം റോഹന്‍ പ്രഭാകര്‍, ജനറല്‍ മാനേജര്‍മാരായ കെ. പി. ഷാബു, ടി.പി. രാജീവന് തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ് ഓഫീസിലെ എല്ലാ ഓഫിസ്, ടെക്നിക്കല്‍ ജീവനക്കാരും പങ്കെടുത്തു
സൊസൈറ്റിയുടെ പ്രവൃത്തികള്‍ നടക്കുന്ന എല്ലാ സൈറ്റിലും ഓഫിസുകളിലും രാവിലെ പതാക ഉയര്‍ത്തുകയും സുരക്ഷാപ്രതിജ്ഞ എടുക്കുകയും ചെയ്തു. വിവിധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. ഇവിടങ്ങളിലെല്ലാം ഏപ്രില്‍ നാല് മുതല്‍ 10 വരെ തൊഴിലാളികള്‍ക്ക് സേഫ്റ്റി ക്വിസ്, ട്രാഫിക് സേഫ്റ്റി ബോധവല്വക്കരണ ക്ലാസുകള്‍, ഫയര്‍ സേഫ്റ്റി അവയര്‍നസ്, ദേശീയ, സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റികള്‍ സംയുക്തമായി നടത്തുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍, മോക്ക് ഡ്രില്‍, പൊതുവിടങ്ങളുടെ ശുചീകരണം തുടങ്ങിയ വിപുലമായ പരിപാടികളോടെ ദേശീയസുരക്ഷാവാരം ആഘോഷിക്കും.
അട്ടപ്പാടി വനമേഖലയില്‍ വനത്തിലെ സഹജീവികളെ ചുട്ടുപൊള്ളുന്ന വേനലില്‍നിന്നു രക്ഷിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി ജീവനക്കാര്‍ വനം വകുപ്പ് മണ്ണാര്‍ക്കാട് ഡിവിഷനുമായിച്ചേര്ന്ന് ഒമ്പതിന് ബ്രഷ് വുഡ് ചെക്ക് ഡാം നിര്‍മിക്കും. ദേശീയസുരക്ഷാദിനത്തില് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ആര്.സി.സി എന്നിവിടങ്ങളില്‍ ഊരാളുങ്കല്‍ സൊസൈറ്റിയിലെ 50 പേര് രക്തദാനം നടത്തി. ആറിന് മെഡിക്കല്‍കോളേജ് ആശുപത്രിയിലെ നൂറു കിടപ്പുരോഗികള്‍ക്കു സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. തിരുവനന്തപുരത്ത് നിര്‍മ്മാണം നടക്കുന്ന വിവിധ പ്രൊജക്ടുകളില്നിന്നു തെരഞ്ഞെടുത്ത തൊഴിലാളികള്‍ക്ക് ഫയര്‍ ഫോഴ്സുമായി ചേര്‍ന്ന് 10ന് വേളി ടൂറിസ്റ്റ് വില്ലേജില്‍ സുരക്ഷാപരിശീലനവും സംഘടിപ്പിക്കും.