കോഴിക്കോട്: മര്‍കസ് സ്ഥാപനങ്ങളുടെ 45-ാം വാര്‍ഷിക സമ്മേളനം മാര്‍ച്ച് രണ്ടി (വ്യാഴം)ന് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പണ്ഡിത സംഗമം, സനദ്ദാനം, നാഷണല്‍ എമിനന്‍സ് മീറ്റ്, ശൈഖ് സായിദ് പീസ് കോണ്‍ഫറന്‍സ്, ആത്മീയ സമ്മേളനം തുടങ്ങിയ വിവിധ പരിപാടികളോടെയാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. രാത്രി ഏഴിന് നടക്കുന്ന സനദ് ദാന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. കാന്തപുരത്തിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട മതാധ്യാപന ചരിത്രത്തില്‍ ഏറെ പ്രധാനമാണ് പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി അധ്യാപനം. സ്വഹീഹുല്‍ ബുഖാരി അധ്യാപനത്തിന്റെ വാര്‍ഷിക സമാപനമായ ഖത്മുല്‍ ബുഖാരി സംഗമവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. 2022ല്‍ പഠനം പൂര്‍ത്തിയാക്കിയ 532 സഖാഫി പണ്ഡിതര്‍ക്ക് സമ്മേളനത്തില്‍ ബിരുദം സമ്മാനിക്കും.
1978ല്‍ സ്ഥാപിതമായ മര്‍കസ് വിദ്യാഭ്യാസ-സാമൂഹ്യ-ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്തിലെത്തന്നെ ഏറ്റവും വലിയ സംവിധാനങ്ങളിലൊന്നാണ്. ഇതിനകം ഇന്ത്യയിലെ 23 സംസ്ഥാനങ്ങളില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പിലാക്കാനും മര്‍കസിന് സാധിച്ചിട്ടുണ്ട്. സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കം നില്‍ക്കുന്ന ജനതയുടെ വിദ്യാഭ്യാസവും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനായി രാജ്യത്തെ വിവിധയിടങ്ങളില്‍ സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്ത്രീ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, കുടിവെള്ള പദ്ധതികള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവ മര്‍കസ് സ്ഥാപിച്ചു. കൂടാതെ അനാഥാലയങ്ങളും, സ്വന്തം വീടുകളില്‍ തന്നെ മികച്ച ജീവിത സാഹചര്യമൊരുക്കുന്ന ഹോം കെയര്‍ പദ്ധതിയും മര്‍കസിന്റെ സവിശേഷ ശ്രദ്ധ പതിഞ്ഞ മേഖലയാണ്. മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ഇതിനകം ഒരു ലക്ഷത്തിലധികം യുവതി, യുവാക്കള്‍ പഠനം പൂര്‍ത്തിയാക്കി സേവന രംഗത്ത് സജീവമാണ്. 10,000 ത്തിലധികം പ്രൊഫഷണലുകള്‍, 118 പി.എച്ച്.ഡി ഹോള്‍ഡേഴ്‌സ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സംരംഭകര്‍ തുടങ്ങി സ്വദേശത്തും വിദേശത്തുമായി വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന വലിയ സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചുവെന്നതാണ് 45 വര്‍ഷത്തെ മര്‍കസിന്റെ നേട്ടങ്ങളില്‍ പ്രധാനം. രണ്ടിന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പണ്ഡിത സംഗമത്തോടെ സമ്മേളന പരിപാടികള്‍ക്ക് തുടക്കമാവും. വിവിധ സംസ്ഥാനങ്ങളിലെ മര്‍കസ് സ്ഥാപന മേധാവികളുടേയും സഹകാരികളുടേയും ‘നാഷണല്‍ എമിനന്‍സ് മീറ്റും രാവിലെ 10ന് നടക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ശൈഖ് സായിദ് പീസ് കോണ്‍ഫറന്‍സ് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. തമിഴ്നാട് ന്യൂനപക്ഷക്ഷേമ മന്ത്രി കെ.എസ് മസ്താന്‍, എ.എം ആരിഫ് എം.പി, രമേശ് ചെന്നിത്തല, പി.ടി.എ റഹീം എം.എല്‍.എ, അഡ്വ. ഖ്വാജ മുഈനുദ്ദീന്‍ ചിശ്തി സംബന്ധിക്കും.
വൈകീട്ട് അഞ്ചിന് മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ആത്മീയ-സനദ്ദാന പൊതുസമ്മേളനം സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. 532 യുവ പണ്ഡിതന്‍മാര്‍ക്ക് ബിരുദം നല്‍കി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും. മര്‍കസ് ഡയരക്ടര്‍ ജനറല്‍ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മതങ്ങള്‍ കുറാ, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, കോടമ്പുഴ ബാവ മുസ്ലിയാര്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, എ.പി അബ്ദുല്‍ കരീം ഹാജി, കെ.കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ഹബീബ് കോയ തങ്ങള്‍, ഇ.കെ ഹുസൈന്‍ ഖാദിരി, സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ ബായാര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി സംബന്ധിക്കും. സമ്മേളന അനുബന്ധമായി നടക്കുന്ന മീഡിയ കൊളോക്വിയം ഒന്നിന് ബുധന്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ നടക്കും.
‘എത്തിക്കല്‍ ഹ്യുമന്‍, പീസ്ഫുള്‍ വേള്‍ഡ്’ എന്ന ശീര്‍ഷകത്തിലാണ് ഈ വര്‍ഷത്തെ സമ്മേളനം വിഭാവനം ചെയ്തിട്ടുള്ളത്. പ്രമേയത്തിന്റെ വിവിധ തലങ്ങളെ ആസ്പദമാക്കി ശൈഖ് സായിദ് പീസ് കോണ്‍ഫറന്‍സില്‍ വിഷയമവതരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാനും മര്‍കസ് വൈസ് പ്രസിഡന്റുമായ സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, മര്‍കസ് ഡയരക്ടര്‍ ജനറല്‍ സി.മുഹമ്മദ് ഫൈസി, അസോസിയേറ്റ് ഡയരക്ടര്‍ പി.മുഹമ്മദ് യൂസുഫ് ഹൈദര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബി.പി സിദ്ദീഖ് ഹാജി കോവൂര്‍, മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ ആന്റ് ആര്‍.സി.എഫ്.ഐ സി.ഇ.ഒ സി.പി ഉബൈദുല്ല സഖാഫി, ജോയിന്റ് ഡയരക്ടര്‍ കെ.കെ ശമീം, അസിസ്റ്റന്റ് ഡയരക്ടര്‍ ഫോര്‍ മര്‍കസ് ഹയര്‍ എജ്യൂക്കേഷന്‍ ഡോ. മുഹമ്മദ് റോഷന്‍ നൂറാനി സംബന്ധിച്ചു.