കോഴിക്കോട്: എന്റേത് മാത്രം ശരി, ബാക്കിയെല്ലാം തെറ്റെന്ന് ശഠിക്കുമ്പോള്‍ തകരുന്നത് വിശ്വാസങ്ങളാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ആരാണ് സുപ്രീം എന്ന ചോദ്യത്തിന് ജനങ്ങളാണ് സുപ്രീം എന്നാണുത്തരം, എസ്.കെ പൊറ്റെക്കാട്ട് സാഹിത്യ അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാരത്താല്‍ നിയന്ത്രിക്കപ്പെടുന്ന സമൂഹമല്ല, വിവേകത്താല്‍ നയിക്കപ്പെടുന്ന സമൂഹമാണ് വേണ്ടത്. അനുഭവങ്ങളാണ് മനുഷ്യനെ കരുത്തനാക്കുന്നതെന്നതിന് നിദര്‍ശനമാണ് എസ്.കെ പൊറ്റെക്കാട്ട്.
ജീവിതാനുഭവങ്ങള്‍ ഒപ്പിയെടുത്ത് വായനക്കാരിലേക്ക് എത്തിച്ചതാണ് എസ്.കെയുടെ മഹത്വമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവാര്‍ഡ് ജേതാക്കളെ ഷക്കീബ് കൊളക്കാടന്‍ പരിചയപ്പെടുത്തി. ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് അവാര്‍ഡ് സമര്‍പ്പണം നടത്തി. എം.വി കുഞ്ഞാമു പൊന്നാടയണിയിച്ചു. എസ്.കെ പൊറ്റെക്കാട്ട് അനുസ്മരണ പ്രഭാഷണം പ്രൊഫ.കെ.വി തോമസ് നിര്‍വഹിച്ചു. അവാര്‍ഡ് ജോതാക്കളായ അഡ്വ.അരുണ്‍ കെ.ധന്, രമേഷ് ശങ്കരന് എന്നിവര്‍ പ്രതിസ്പന്ദംനടത്തി. എസ്.കെ പൊറ്റെക്കാട്ടിനെ കുറിച്ച് മകള്‍ സുമിത്ര ജയപ്രകാശ് സംസാരിച്ചു. എം.പി ഇമ്പിച്ചഹമ്മദ് സ്വാഗതവും സി.ഇ.വി അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.