തിരുവനന്തപുരം:സ്വതന്ത്ര പ്രസാധനത്തിന് കൃതികൾ നൽകിയ പ്രമുഖ മലയാള സാഹിത്യകാരൻ എം.എൻ. കാരശ്ശേരിക്ക് 2023ലെ സായാഹ്ന പുരസ്‌കാരം സമ്മാനിച്ചു.തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സായാഹ്ന ഫൗണ്ടേഷൻ സമ്മാനിക്കുന്ന ഏഴര ലക്ഷം രൂപയുടെ പുരസ്‌കാരവും പ്രശംസാപത്രവും എൻ. ഭട്ടതിരി രൂപകല്പന ചെയ്ത അക്ഷരക്കിളിയുടെ ഓട് ശില്പവും എം.എൻ. കാരശ്ശേരിയുടെ വസതിയിൽ എത്തിയാണ് കൈമാറിയത്. സായാഹ്ന ഫൗണ്ടേഷൻ ഡയറക്ടർ സി.വി. രാധാകൃഷ്ണന് വേണ്ടി സായാഹ്ന പ്രതിനിധി പി. സിദ്ധാർത്ഥനാണ് പുരസ്‌കാരം കൈമാറിയത്.. ദർശനം ഗ്രന്ഥശാല സെക്രട്ടറി എം.എ. ജോൺസണും ചടങ്ങിൽ സംബന്ധിച്ചു.ആയുർവേദ ചികിത്സയിലായതിനാൽ സായാഹ്ന ഫൗണ്ടേഷന്റെ തിരുവനന്തപുരം മലയിൻകീഴിലെ റിവർ വാലി കാമ്പസിൽ നടന്ന പുരസ്‌കാരവിതരണ ചടങ്ങിൽ അദ്ദേഹത്തിന് നേരിട്ട് പങ്കെടുക്കാൻ സാധിക്കാതെ വന്നതിനാലാണ് വീട്ടിലെത്തി പുരസ്‌കാരം കൈമാറിയത്.