കോട്ടയം: കൊട്ടരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന് കണ്ണീരോടെ വിടചൊല്ലി നാട്. കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തീര്‍ത്തും വികാരനിര്‍ഭരമായാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തയാക്കിയത്. ഏക മകളായ വന്ദനക്ക് അന്ത്യചുംബനം നല്‍കുന്ന അമ്മ വസന്തകുമാരിയുടേയും അച്ഛന്‍ മോഹന്‍ദാസിന്റേയും ദൃശ്യം തീര്‍ത്തും ഹൃദയഭേദകമായ കാഴ്ചയായിരുന്നു. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദാണ് ചിതക്ക് തീകൊളുത്തിയത്. അവസാനമായി വന്ദനയെ ഒരു നോക്കുകാണാന്‍ നിരവധി പേരാണ് മുട്ടുചിറയിലെ വീട്ടിലേക്കെത്തിയത്. കേന്ദ്രമന്ത്രി വി.മുരളീധരന്‍, മന്ത്രി വി.എന്‍ വാസവന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, തോമസ് ചാഴിക്കാടന്‍ എം.പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ആരോഗ്യമന്ത്രി വീണ ജോര്‍ജും മുട്ടുചിറയിലെ വീട്ടിലെത്തിയിരുന്നു.
വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചതിനു ശേഷമാണ് അവര്‍ അവിടെ നിന്നും പോയത്. കഴിഞ്ഞ ദിവസം വന്ദനയെ കുറിച്ച് അവര്‍ നടത്തിയ പരമാര്‍ശം വിവാദമായിരുന്നു. മാധ്യപ്രവര്‍ത്തകരോട് ഒന്നും പ്രതികരിക്കാതെയാണ് അവര്‍ മടങ്ങിയത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന മന്ത്രിമാര്‍ക്കുനേരെ പ്രതിഷേധമുണ്ടാകുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുണ്ടായിരുന്നത്. ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും പ്രത്യേകമായി പോലിസ് സംഘത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇതിനോടൊപ്പം കടുത്തുരുത്തിയില്‍ പോലിസ് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. കൊലത്ത് ഡോ. വന്ദനാ ദാസ് പഠിച്ച അസീസിയ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് ഇന്നലെ രാത്രിയോടുകൂടി മൃതദേഹം വീട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിയോടുകൂടിയാണ് ഡോ. വന്ദനക്ക് നേരെ ദാരുണമായ ആക്രമണം നടക്കുന്നത്. വൈദ്യപരിശോധനക്കായി എത്തിച്ച വെളിയം ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി.സന്ദീപാ(42)ണ് ആക്രമണം നടത്തിയത്. അഞ്ച് പോലിസുകാര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയത് പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.