- ചാലക്കര പുരുഷു
തലശ്ശേരി: മാഹിയില്‍നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ കേരളത്തിലേക്ക് കടത്തുന്നു. ഇത് മൂലം കേരള സര്‍ക്കാരിന് പ്രതിമാസം കോടികളുടെ നികുതിയാണ് നഷ്ടംവരുന്നത്. ഒരു ലിറ്ററിന് മാത്രം 10 രൂപയുടെ വ്യത്യാസം കേരളവും മാഹിയും തമ്മിലുണ്ട്. അതിനാല്‍ 12,000 ലിറ്ററിന്റെ ടാങ്കര്‍ ലോറിയില്‍ ഒറ്റലോഡ് കടത്തിയാല്‍ 1,40,000 രൂപ ലഭിക്കും. വണ്ടി ചാര്‍ജും പോലിസ് മാമൂലും കഴിച്ചാല്‍ ഒരു ലക്ഷം രൂപ കടത്തുകാര്‍ക്ക് ലഭിക്കും. കേരളത്തിനാവട്ടെ, ഒറ്റലോഡില്‍ മാത്രം മൂന്നു ലക്ഷത്തിലേറെ രൂപ ടാക്‌സ് ഇനത്തില്‍ നഷ്ടം വരും. കഴിഞ്ഞ മൂന്ന് മാസക്കാലമായി നിര്‍ബാധം ഇന്ധനക്കടത്ത് തുടരുകയാണ്.
കേരള അധികൃതര്‍ക്ക് ഇന്ധനക്കടത്തിനെ കുറിച്ച് അറിയാമെങ്കിലും കണ്ടില്ലെന്ന് നടിക്കുകയാണ്. നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കാവട്ടെ സ്ഥലംമാറ്റവും. കഴിഞ്ഞ ദിവസം തലശ്ശേരി എ.സി.പി വിഷ്ണുപ്രദീപ് ഐ.എ.എസ് ചൊക്ലിയില്‍ വെച്ച് കെ.എല്‍ 63 എഫ്. 6865 കടത്തുലോറി പിടികൂടി. പാലക്കാട് സ്വദേശികളായ ബേബി, കൃഷ്ണദാസ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, അന്നു രാത്രി തന്നെ അദ്ദേഹത്തിന് പേരാമ്പ്രയിലേക്ക് സ്ഥലംമാറ്റവും കിട്ടി.
എണ്ണക്കമ്പനികളില്‍ നിന്ന് ജി.പി.ആര്‍.എസ് സംവിധാനത്തിലാണ് ഇന്ധനം പമ്പുകളിലെത്തിക്കുന്നത്. ലോഡ് പമ്പിലെത്തിയാല്‍ കമ്പനിയില്‍നിന്ന് സന്ദേശം ലഭിക്കും. പമ്പുകാര്‍ തിരിച്ചും കമ്പനിക്ക് സന്ദേശമയക്കും. അതിന്റെ അടിസ്ഥാനത്തിലാണ് ഇറക്കുന്നത്. പിന്നീട് രാത്രി 11നും പുലര്‍ച്ചെ മൂന്ന് മണിക്കുമിടയില്‍ പമ്പിലെ ചെറുമോട്ടോര്‍ ഉപയോഗിച്ച് ടാങ്കര്‍ ലോറിയില്‍ ഇന്ധനം നിറയ്ക്കും. ഇത് കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് കൊണ്ടു പോകും. ഇതിനായി പ്രത്യേക മാഫിയാ സംഘങ്ങള്‍ തന്നെയുണ്ട്. ഇവര്‍ക്ക് പോലിസുമായി അടുത്ത ബന്ധവുമുണ്ട്.
പെട്രോളിയം ആക്ട് പ്രകാരം വാഹനത്തിന്റെ ടാങ്കിലല്ലാതെ മറ്റ് വാഹനങ്ങളില്‍ ലോഡായോ ചെറു കുപ്പികളില്‍ പോലുമോ ഇന്ധനം നല്‍കാന്‍ പാടില്ല. ഇവിടെ വലിയ ടാങ്കറില്‍ തന്നെയാണ് ഇന്ധനം കടത്തുന്നത്. 12,000 ലിറ്ററാണ് ഒറ്റയടിക്ക് കൊണ്ടു പോകുന്നത്. മാഹി, പള്ളൂര്‍ മേഖലകളിലെ പമ്പുകളില്‍ തിരക്കുള്ളതിനാല്‍ പന്തക്കല്‍ ഭാഗത്തുള്ള പമ്പുകളില്‍ നിന്നാണ് രാത്രി അസമയങ്ങളില്‍ ഇന്ധനം കടത്തുന്നത്. മത്സ്യബന്ധന തുറമുഖം, മണ്ണുമാന്തി യന്ത്രങ്ങള്‍, റോഡ് റോളറുകള്‍ എന്നിവക്ക് വേണ്ടി നൂറ്, ഇരുന്നൂറ് ലിറ്ററുകള്‍ കൊള്ളുന്ന വലിയ കാനുകളിലും ഇന്ധനക്കടത്ത് പതിവായി നടക്കുന്നുണ്ട്. പന്തക്കല്‍ ഭാഗങ്ങളിലെ പമ്പുകളില്‍ മൂന്ന് മാസത്തിലെ വ്യാപാരം മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. 30 ലക്ഷം നികുതിയടച്ചിരുന്ന ഇത്തരം പമ്പുകള്‍ ഇപ്പോള്‍ 80 ലക്ഷത്തിന് മുകളിലാണ് നികുതി അടയ്ക്കുന്നത്. ഒറ്റ ദിവസം തന്നെ രണ്ടും മൂന്നും ലോഡുകള്‍ കടത്തുന്നുണ്ടത്രെ.
മുന്‍പ് കോഴിക്കടത്തും മദ്യക്കടത്തും നടത്തിയവര്‍ ഇപ്പോള്‍ ഈ രംഗത്തേക്ക് ചുവട് മാറ്റിയിരിക്കുകയാണ്. പുതുച്ചേരി സര്‍ക്കാരിന് റവന്യൂ നഷ്ടമില്ലെങ്കിലും കേരള സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. മാത്രമല്ല, ഈ മേഖലയില്‍ വന്‍ സ്വാധീനമുള്ള മാഫിയാ സംഘങ്ങള്‍ കൊഴുത്തുവരികയുമാണ്.