സൂര്യനെ കുറിച്ച് പഠിക്കുന്നതിന് ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എൽ1 പേടകം യാത്രക്കിടെ പകർത്തിയ ചിത്രങ്ങൾ ഭൂമിയിലേക്കയച്ചു. ഭൂമിയുടേയും ചന്ദ്രന്റേയും ചിത്രങ്ങളും മറ്റ് ചിത്രങ്ങളുംഇതിലുണ്ട്. ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.ഇപ്പോൾ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന പേടകത്തിന്റെ ഭ്രമണ പഥം ഇതിനകം രണ്ട് തവണ ഉയർത്തിക്കഴിഞ്ഞു. രണ്ട് തവണ കൂടി ഭ്രമണ പഥ ക്രമീകരണം നടത്തിയതിന് ശേഷം പേടകം ലാഗ്രാഞ്ച് പോയിന്റ് 1 ലേക്കുള്ള ട്രാൻസ്ഫർ ഓർബിറ്റിലേക്ക് കടക്കും. 125 ദിവസമെടുത്താണ് പേടകം ലാഗ്രാഞ്ച് പോയിന്റ് 1 ൽ (എൽ1) എത്തുക.സെപ്റ്റംബർ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് ആദിത്യ എൽ1 വിക്ഷേപിച്ചത്.