കോഴിക്കോട്: ഇന്ത്യൻ സിനിമാ സംഗീതത്തിൽ അനശ്വര ശബ്ദമാധുര്യത്താൽ നിറഞ്ഞു നിൽക്കുന്ന സംഗീത ചക്രവർത്തി മുഹമ്മദ് റഫിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പ്രഖ്യാപിക്കണമെന്ന ദേശീയ കാമ്പയിൻ രാജ്യം മുഴുവൻ നടന്നു വരികയാണെന്ന് മുഹമ്മദ് റഫി ഫാൻസ് ഫോറം(ഭാരത രത്ന ടു മുഹമ്മദ് റഫി കാമ്പയിൻ-കേരളം) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
റഫി സാഹബിന്റെ ജന്മ ശതാബ്ദി വേളയിൽ ഇത് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ലോകം മുഴുവനുള്ള മുഹമ്മദ് റഫി ആസ്വാദകരും മുംബൈയിലെ ചലച്ചിത്ര പ്രവർത്തകരും സംഗീതജ്ഞരും രംഗത്തിറങ്ങിയ്ട്ടുണ്ട്.
ഇന്ത്യൻ ദേശീയതക്ക് വേണ്ടി നിരവധി ഗാനങ്ങളാലപിച്ച് സൈനികരുടെയും ഭരണാധികാരികളുടെയും മുക്തകണ്ഠ പ്രശംസ നേടിയ ഈ സംഗീത കുലപതിക്ക് ഭാരതരത്ന തികച്ചും അർഹമായതാണ്. ജവഹർലാൽ നെഹ്റു തൊട്ടുള്ള പ്ര ധാനമന്ത്രിമാരുടെയും ആദ്യകാല പ്രസിഡന്റ്മാരുടെയും പ്രിയ ഗായകൻ കൂടിയായിരുന്നു മുഹമ്മദ് റഫി. പഴയതും പുതിയതുമായ ഒട്ടുമിക്ക ഗായകരും ഗുരുസ്ഥാനീയനായി കാണുന്നതും റഫി സാഹബിനെയാണ്.
സംഗീതജ്ഞരായ എം.എസ്.സുബ്ബലക്ഷ്മിക്കും ഉസ്താദ് ബിസ്മില്ലാ ഖാനും പണ്ഡിറ്റ് രവിശങ്കറിനും ഭീംസെൻ ജോഷിക്കും ഭൂപൻ ഹസാരികക്കും ലഭിച്ച ഭാരതരത്ന, നിരവധി ഭാഷകളിൽ ജനപ്രിയ ഗാനങ്ങളും ബജൻസും ഖവ്വാലിയും ഗസലുകളുമാലപിച്ച ഹിന്ദുസ്ഥാനി സംഗീതത്തിലെ ഗാന ചക്രവർത്തിയായിരുന്ന മുഹമ്മദ് റഫിക്ക് നൽകുന്നത് അദ്ദേഹത്തോട് രാഷ്ട്രം ചെയ്യുന്ന ആദരമായിരിക്കും. 2024 അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷ വർഷമാണ്. 2023 ജൂലൈ 31 മുതൽ 2023 ഡിസംബർ 24 വരെ രാജ്യത്ത് ഇതിനായുള്ള കാമ്പയിൻ നടത്താനാണുദ്ദേശിക്കുന്നത്.
ഇതിന്റെ ഭാഗമായി കോഴിക്കോട്ടെ റഫി ആസ്വാദകരുടെയും സംഗീത സംഘടനകളുടെയും കൂട്ടായ്മ സംഘടിപ്പിക്കുന്ന പാട്ടുറാലി ആഗസ്റ്റ് 15 ന് നഗരത്തിൽ നടക്കും.
എൽ ഐ സി കോർണറിൽ രാവിലെ 10 മണിക്ക് റാലിക്ക് തുടക്കം കുറിക്കും. പ്രസ്സ് ക്ലബ് പ്രസിഡന്റ് ഫിറോസ് ഖാൻ പാട്ടുറാലി ഫ്ളാഗ് ഓഫ് ചെയ്യും.
റഫി ഗായകരുടെ പാട്ടുവണ്ടിയും റഫി ഫാൻസിന്റെ ബൈക്ക് റാലിയും നഗരത്തിന്റെ വിവിധയിടങ്ങളിൽ റഫി ഗാനങ്ങളുടെ അകമ്പടിയോടെ കാമ്പയിൻ സന്ദേശം പകർന്ന് നൽകും. വൈകിട്ട് 5 മണിക്ക് ബീച്ചിൽ കോർപ്പറേഷൻ ഓഫീസിന് മുൻവശം സമാപന ചടങ്ങ് നടക്കും. ഉദ്ഘാടന – സമാപന ചടങ്ങുകളിൽ സാംസ്കാരിക നേതാക്കളും സംഗീത സംഘടനാ പ്രതിനിധികളും പങ്കെടുക്കും. ഈ ആവശ്യമുന്നയിച്ച് നടക്കുന്ന ഒപ്പുശേഖരണത്തിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ, ബംഗാൾ ഗവർണ്ണർ സി.വി.ആനന്ദബോസ്, ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻപിള്ള എന്നിവരെയും ഭാഗഭാക്കാകുന്നതിനായി സമീപിക്കും.
വാർത്താസമ്മേളനത്തിൽ കാമ്പയിൻ കമ്മിറ്റി ചെയർമാൻ ടി.പി.എം.ഹാഷിർഅലി, ജന.കൺവീനർ ആർ.ജയന്ത് കുമാർ, ട്രഷറർ പ്രകാശ് പൊതായ, വൈസ് ചെയർമാന്മാരായ എൻ.സി.അബ്ദുള്ളക്കോയ, കെ.കെ.ചന്ദ്രഹാസൻ പങ്കെടുത്തു.