ഒരു ലക്ഷം വിദേശ സഞ്ചാരികള്‍ക്ക് വിസ ഇളവ് പ്രഖ്യാപനവുമായി ഇന്ത്യ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കിഴിലുള്ള ചലോ ഇന്ത്യ പരിപാടിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. ലോക ടൂറിസം ദിനമായ വെള്ളിയാഴ്ചയാണ് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പ്രഖ്യാപനം നടത്തിയത്.
ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്ന ഒരു ലക്ഷം വിദേശ സഞ്ചാരികളില്‍ നിന്ന് വിസ ഫീസ് ഈടാക്കില്ല.
ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ ടൂറിസം സാധ്യത എത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളുടെ ലിസ്റ്റ് തയ്യാറാക്കുമെന്നും ടൂറിസം വകുപ്പ് വ്യോമയാനം, റെയില്‍വേ ഉള്‍പ്പടെയുള്ള വകുപ്പുകളുമായും സംസ്ഥാന സര്‍ക്കാരുകളുമായും സഹകരിച്ച് ഈ ഡെസ്റ്റിനേഷനുകളെ ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കാന്‍ ലോക നിലവാരത്തില്‍ നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ത്യന്‍ ടൂറിസത്തിന്റെ പര്യായങ്ങളായി മാറും.
ടൂറിസം മേഖലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും നടത്തുക. പ്രാദേശികവാസികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തും. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കും.നേരത്തെ ജപ്പാന്‍, ദക്ഷിണ കൊറിയ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സഞ്ചാരികള്‍ക്ക് ഇന്ത്യ വിസ ഓണ്‍ അറൈവല്‍ പ്രഖ്യാപിച്ചിരുന്നു. 60 ദിവസം വരെയാണ് ഇതിന്റെ കാലാവധി. ഇത് കൂടുതല്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.
വിദേശ സഞ്ചാരികള്‍ക്ക് വിസ ഇളവ് പ്രഖ്യാപനവുമായി ഇന്ത്യ