ഇസ്രായേൽ-ഗാസ യുദ്ധം, ഇസ്രയേലിലെ  പ്രവാസികൾ അതീവ ആശങ്കയിൽ

ഇസ്രായേൽ-ഗാസ യുദ്ധം, ഇസ്രയേലിലെ പ്രവാസികൾ അതീവ ആശങ്കയിൽ

ഇസ്രായേൽ-ഗാസ യുദ്ധ സാഹചര്യത്തിൽ അതീവ ആശങ്കയിലാണ് ഇസ്രായേലിലെ മലയാളികളടക്കമുള്ള പ്രവാസികൾ. ഹമാസ് ആക്രമണം ആവർത്തിക്കുന്നതിനിടെ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ജനതയുള്ളത്. നിലവിൽ സുരക്ഷിതരാണെങ്കിലും പൊതുസാഹചര്യം അത്തരത്തിലല്ലെന്ന് പറയുകയാണ് മലയാളിയായ പ്രമോദ് പി മാത്യു. ഇസ്രായേൽ-ഗാസ അതിർത്തിയിൽ നിന്ന് നാല് കിലോമീറ്റർ മാത്രം അകലെയുള്ള അഷ്‌കലോണിലെ ഓൾഡ് ഏജ് ഹോമിലാണ് പ്രമോദ് കെയർ ടേക്കറായി ജോലിചെയ്യുന്നത്. ഭയപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുനിന്നു കേൾക്കുന്നതെന്ന് പ്രമോദ് പറയുന്നു. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം മടമ്പം സ്വദേശിയാണ് പ്രമോദ് മാത്യു.

യുദ്ധസാഹചര്യത്തിൽ ബങ്കറിലാണ് കഴിയുന്നത്. നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. ഭക്ഷണത്തിനോ വെള്ളത്തിനോ മരുന്നിനോ ബുദ്ധിമുട്ടുണ്ടെങ്കിൽ മറ്റെവിടേക്കെങ്കിലും മാറിപ്പോകേണ്ടിവരും. ശനിയാഴ്ച രാവിലെ മുതലാണ് ഇവിടെ പ്രശ്നങ്ങൾ രൂക്ഷമായത്. രാവിലെ ആറരയോടെ പേടിപ്പെടുത്തുന്ന വ്യോമാക്രമണ സൈറണുകളുടെ ശബ്ദം കേട്ടാണ് എഴുന്നേറ്റത്. തൊട്ടുപിന്നാലെ ബോംബിങ്ങും ഉണ്ടായി. പിന്നെ വാർത്തകളും മെസേജും നോക്കിയപ്പോഴാണ് യുദ്ധമാണെന്ന് മനസ്സിലായത്. വർഷത്തിൽ ഒരു തവണയെങ്കിലും ഇത്തരമൊരു സംഘർഷം ഉണ്ടാവാറുണ്ട്. അതുപോലെയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പ്രശ്നം ഗുരുതരമാണെന്ന് പിന്നീടറിഞ്ഞു. രാവിലെ ആറരയോടെ തുടങ്ങിയ ബോംബിങ് തുടർച്ചയായ മൂന്നുനാല് മണിക്കൂറുകളോളം നീണ്ടുപോയിരുന്നു. അഞ്ചുവർഷമായി ഇസ്രായേലിൽ വന്നിട്ട്. ഇതുപോലൊരു ഭയാനകമായ സാഹചര്യം ആദ്യമായിട്ടാണുണ്ടാവുന്നത്. അഷ്‌കലോൺ, അഷ്ദോദ്, ബർഷേവ തുടങ്ങിയ സ്ഥലങ്ങളിൽ ബോംബുകൾ പൊട്ടിക്കൊണ്ടേയിരിക്കുകയായിരുന്നു. പത്ത് വർഷത്തോളമായി ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് ഇവിടുത്തുകാരും പറയുന്നത്. ആക്രമണം തുടങ്ങിയപ്പോഴേക്കും ബങ്കറിലേക്ക് മാറിയിരുന്നു. പിന്നീട് മിലിട്ടറി വന്ന് ഒരുകാരണവശാലും ബങ്കറിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകുകയായിരുന്നു.

നുഴഞ്ഞുകയറിയ ഹമാസ് സായുധസംഘം വാഹനത്തിലെത്തി കണ്ണിൽ കാണുന്നവരെയെല്ലാം വെടിവെച്ചുകൊല്ലുകയാണെന്നാണ് ഞങ്ങൾക്ക് അറിയാൻ കഴിയുന്നത്. മൂന്നൂറുലധികം പേർ മരിച്ചതായി മെസേജുകളിൽ കണ്ടു. ഇന്നലെ മുതൽ മൊബൈൽ നെറ്റ്വർക്ക് ഉണ്ടായിരുന്നില്ല. വൈഫൈയിലാണ് കുടുംബത്തേയും കൂട്ടുകാരേയും ബന്ധപ്പെടുന്നത്. ഇത് എപ്പോൾ കട്ട് ആവുമെന്ന് അറിയില്ല. പ്രശ്നങ്ങളെല്ലാം ഉടൻ തീരുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം ഞങ്ങളെപ്പോലെയുള്ള നൂറുകണക്കിന് ആളുകൾ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതത്തിലാവും. പുറത്തിറങ്ങാനോ സാധനങ്ങൾ വാങ്ങാൻ പോകാനോ ഒന്നും കഴിയാത്ത സാഹചര്യമാണ്. അയൺ ഡോം സംവിധാനമുള്ളതിനാൽ ഗാസയുടെ റോക്കറ്റ്-മിസൈൽ ആക്രമണം വലിയ രീതിയിൽ ഇസ്രായേലിനെ ബാധിച്ചിട്ടില്ല. ഹമാസിന്റെ നുഴഞ്ഞുകയറ്റവും വെടിവെപ്പിലുമാണ് ആളുകൾ കൊല്ലപ്പെട്ടിരിക്കുന്നത്. ഇപ്പോഴും ബോബാക്രമണങ്ങളുടെ ശബ്ദം കേൾക്കാം. ഇസ്രായേൽ സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കാനാണ് ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് ലഭിച്ച വിവരം. അടുത്തദിവസങ്ങളിൽ എന്തെങ്കിലും പ്രയാസം നേരിടുകയാണെങ്കിൽ അതിർത്തിയിൽ നിന്ന് ഏറെ ദൂരത്തേക്ക് മാറ്റാമെന്നും അറിയിച്ചിട്ടുണ്ടെന്നും പ്രമോദ് പറഞ്ഞു.

ശനിയാഴ്ച രാവിലെ ആറരയോടെ ആയിരുന്നു ഹമാസ് ഇസ്രായലിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്താനാരംഭിച്ചത്. ഇസ്രയേലിന്റെ കനത്ത പ്രതിരോധസംവിധാനങ്ങൾ മറികടന്ന് കര, കടൽ, ആകാശമാർഗങ്ങളിലൂടെ മോട്ടോർബൈക്കുകളും പിക്കപ്പുകളും പാരാഗ്ലൈഡുകളും ഉപയോഗിച്ചായിരുന്നു നുഴഞ്ഞുകയറ്റം. കരാതിർത്തിയിലെ ഇസ്രയേലിന്റെ സുരക്ഷാവേലികൾ ബുൾഡോസർ ഉപയോഗിച്ച് ഹമാസ് തകർത്തു. അകത്തുകടന്ന് കണ്ണിൽക്കണ്ടവരെയെല്ലാം ആക്രമിച്ചു. ഇസ്രയേലിന്റെ ആയുധങ്ങൾ പിടിച്ചു. സൈനികരെയും ഒട്ടേറെ പൗരരെയും തടവിലാക്കി. ഇതിനുപുറമേ ഗാസാമുനമ്പിൽനിന്ന് ആയിരക്കണക്കിന് റോക്കറ്റുകളും ഇസ്രയേലിൽ പതിച്ചു. തുടർന്ന്, ഹമാസിനുനേരെ ഇസ്രയേൽ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. ഇതോടെ ടെൽഅവീവിലും മധ്യ ഇസ്രയേലിലും സൈറണുകൾ മുഴങ്ങി. എത്രയുംപെട്ടെന്ന് അക്രമികളെ തുരത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തോട് ഉത്തരവിടുകയും ചെയ്തു. അതോടെ ഇസ്രായേലിൻറെ പ്രത്യാക്രമണവും ആരംഭിച്ചു. നാനൂറിലധികം ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് വിവരം.

 

Share

Leave a Reply

Your email address will not be published. Required fields are marked *