റിയാദ് കെഎംസിസി ഫുട്‌ബോൾ മേളക്ക് പരിസമാപ്തി  നിലമ്പൂർ മണ്ഡലം ജേതാക്കൾ

റിയാദ് കെഎംസിസി ഫുട്‌ബോൾ മേളക്ക് പരിസമാപ്തി നിലമ്പൂർ മണ്ഡലം ജേതാക്കൾ

വി. കെ. റഫീഖ് ഹസൻ

റിയാദ് : കാൽപ്പന്ത് കളിയുടെ മനോഹര നിമിഷങ്ങൾക്ക് സാക്ഷിയായ റിയാദ് കെഎംസിസി – എ ബി സി ഫുട്‌ബോൾ ടൂർണമെന്റിന് ആഘോഷാരവങ്ങളോടെ പരിസമാപ്തി. കലാശപ്പോരാട്ടത്തിൽ ചേലക്കര മണ്ഡലത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലമ്പൂർ മണ്ഡലം എ ബി സി കപ്പിൽ മുത്തമിട്ടു.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി മണ്ഡലം അടിസ്ഥാനത്തിൽ നടത്തിയ ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ആദ്യാവസാനം വീറും വാശിയും നിറഞ്ഞതായിരുന്നു. ഇരു ഗോൾമുഖത്തും നിരന്തരം അക്രമണങ്ങളുണ്ടായെങ്കിലും നിലമ്പൂർ തന്നെയായിരുന്നു കളിയിലെ കേമന്മാർ. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയ നിലമ്പൂരിനെതിരെ രണ്ടാം പകുതിയിൽ ചേലക്കര തിരിച്ചടിച്ചെങ്കിലും വീണ്ടും ഒരു ഗോൾകൂടി നേടി നിലമ്പൂർ വിജയം ഉറപ്പിക്കുകയായിരുന്നു.

രണ്ടര മാസക്കാലം നീണ്ടു നിന്ന ടൂർണമെന്റിൽ 16 മണ്ഡലങ്ങളുടെ ടീമുകളാണ് പങ്കെടുത്തത്. ബഗ്‌ളഫിലെ അൽ ഖാബൂസ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ സൽമാൻ കുറ്റിക്കോട് മുഖ്യാതിഥിയായി പങ്കെടുത്തു. ഫൈനലിനോടനുബന്ധിച്ചു റിയാദിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത വടം വലി മത്സരം ആവേശം പകർന്നു. വാശിയേറിയ മൽസരത്തിൽ റിയാദ് ടാക്കീസിനെ പരാജയപ്പെടുത്തി കനിവ് ടീം ജേതാക്കളായി.

റിയാദ് ടാക്കീസ് ടീമിന്റെ ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യതിതിയായ സൽമാൻ കുറ്റിക്കോടിനെ നേതാക്കളും പ്രവർത്തകരും കൂടി ഗ്രൗണ്ടിലെക്ക് ആനയിച്ചത്. ടൂർണ്ണമെന്റിലെ ജേതാക്കൾക്കുള്ള എ ബി സി കാർഗോ ട്രോഫിയും പ്രൈസ് മണിയും എ.ബി.സി ഡയറക്ടർ നിസാർ അബ്ദുൽ ഖാദറും മുഖ്യാതിഥി സൽമാൻ കുറ്റിക്കോടും നിലമ്പൂർ മണ്ഡലത്തിന് സമ്മാനിച്ചു. റണ്ണേഴ് അപ്പിനുള്ള ട്രോഫിയും പ്രൈസ് മണിയും ചേലക്കര മണ്ഡലത്തിന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫയും സമ്മാനിച്ചു. ഫൈനൽ മൽസരത്തിലെ മാൻ ഓഫ് ദ മാച്ചായി ഷമീർ ( നിലമ്പൂർ ) , മികച്ച താരമായി സുദിഷ് ( നിലമ്പൂർ ) , മികച്ച മുന്നേറ്റ താരം മുബാറക്ക് അരീക്കോട് ( ചേലക്കര ) മികച്ച ഗോൾകീപ്പറായി ഷാഫി ( നിലമ്പൂർ ) എന്നിവരെ തെരഞ്ഞെടുത്തു .

Share

Leave a Reply

Your email address will not be published. Required fields are marked *