ഷാര്‍ജ: ഷാര്‍ജയിലെ അല്‍ സജാ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലേബര്‍ പാര്‍ക്കില്‍ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (എല്‍.എസ്.ഡി.എ) സംഘടിപ്പിക്കുന്ന ഈദ് അല്‍ അദ്ഹ ലേബര്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു. ജൂലൈ 15 വരെ നീണ്ടുനില്‍ക്കുന്ന കലോത്സവത്തിന്റെ ആദ്യദിനത്തില്‍ ഒട്ടേറെ തൊഴിലാളികള്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍, ഷാര്‍ജ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍, ഷാര്‍ജയിലെ ഇന്ത്യന്‍ സൊസൈറ്റി അംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു. സാംസ്കാരിക പരിപാടികള്‍, സൗജന്യ മെഡിക്കല്‍ പരിശോധനകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, കലാസംഗീതവും വിനോദവും കൂടാതെ അന്നദാനവും, 5000ത്തിലധികം തൊഴിലാളികള്‍ക്ക് ഈദ് സമ്മാനങ്ങളും ഉള്‍പ്പെടുന്ന ഈദ് ബസാര്‍ എന്നിവയും ഫെസ്റ്റിവലില്‍ ഉള്‍പ്പെടുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഷാര്‍ജയിലെ തൊഴിലാളികള്‍ക്കിടയില്‍ സാമൂഹികവും സാംസ്കാരികവുമായ ബന്ധം വര്‍ധിപ്പിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നതെന്നും അവരെ ഒരിടത്ത് ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ഈദുമായി ബന്ധപ്പെട്ട അവരുടെ ആചാരങ്ങളും പാരമ്പര്യങ്ങളും കൈമാറാന്‍ ഞങ്ങള്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു എന്നും ഷാര്‍ജയിലെ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ചെയര്മാന് ഹിസ് എക്സലന്‍സി സേലം യൂസഫ് അല്‍ ഖസീര്‍ പറഞ്ഞു. കൂടാതെ തൊഴില്‍ മേഖലയില്‍ തൊഴിലാളികളേയും ബന്ധപ്പെട്ട അധികാരികളേയും സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധിപ്പിക്കുന്നതിന് വലിയ വലിയ കമ്പനികളെ ഉള്‍പ്പെടുത്തി തൊഴില്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യമേഖലയുടെയും ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്റെയും സഹകരണത്തോടെ ഷാര്‍ജയില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ തൊഴില്‍ അന്തരീക്ഷത്തിലെ ആരോഗ്യം സംരക്ഷിക്കുന്നതിനും പകര്‍ച്ചവ്യാധികളെ ചെറുക്കുന്നതിനുമായി നിരവധി ക്ലിനിക്കുകള്‍ അവരുടെ സി.എസ്.ആറിന്റെ ഭാഗമായി നടത്തുന്ന ദന്ത, കണ്ണ് ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് സൗജന്യ വൈദ്യപരിശോധന ഉള്‍പ്പെടുന്നു. തൊഴിലാളികളുടെ മനോവീര്യവും സാമൂഹിക ചൈതന്യവും വര്‍ധിപ്പിക്കുന്നതിനായി ഫെസ്റ്റിവലില്‍ ബോധവല്‍ക്കരണ പ്രഭാഷണങ്ങള്‍, മോട്ടിവേഷണല്‍ സെഷനുകള്‍, നിയമപരമായ കൂടിയാലോചനകള്‍ എന്നിവ നടക്കും. ഈദ് അല്‍ അദ്ഹയുടെ നാളുകളില്‍ ബോളിവുഡ്, പഞ്ചാബ്, ബംഗാള്‍, ആഫ്രിക്കന്‍, അറേബ്യന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബാന്‍ഡുകളുടെ പ്രോഗ്രാമുകളും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.