മണ്ണും കല്ലും മരങ്ങളും ഒപ്പം സ്വപ്‌നങ്ങളും കൂട്ടിച്ചേര്‍ത്ത് നമ്മളൊരു വീട് പണിയുമ്പോള്‍ ആ ഭവനത്തില്‍ സമാധാനത്തോടെ സന്തോഷത്തോടെ സ്വസ്ഥമായി കിടന്നുറങ്ങാന്‍ നമുക്ക് സാധിക്കണം. വാസ്തുപ്രകാരം നിര്‍മിക്കുന്ന വീടുകള്‍ക്ക് എന്നും എപ്പോഴും ഒരു പോസിറ്റീവ് എനര്‍ജി ഉണ്ടാകും. ആ എനര്‍ജി നമ്മളിലെ ഊര്‍ജത്തെ ഉണര്‍ത്തുകയും നമ്മളെ കൂടുതല്‍ ആക്ടീവാക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളിലും നക്ഷത്രഗ്രഹങ്ങളിലും ഒക്കെ ശക്തിയേറിയ ഊര്‍ജം നിലനില്‍ക്കുന്നുണ്ട്.
ജ്യോതിഷ പ്രകാരം പറയുകയാണെങ്കില്‍ ഒരു വ്യക്തിയുടെ കര്‍മമണ്ഡലവും രോഗാവസ്ഥയുമൊക്കെ നിര്‍ണയിക്കുന്നത് ആ വ്യക്തിയുടെ ജന്മനക്ഷത്ര കൂറുകളോ ഗ്രഹനിലയോ ഒക്കെയാണ്. എന്നാല്‍, ആ വ്യക്തി ജീവിക്കുന്ന ചുറ്റുപാടുകള്‍ വീടുകള്‍ ഇവയൊക്കെ ആ വ്യക്തിയെ ഒരുപാട് സ്വാധീനിക്കുന്നുണ്ടെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. വാസ്തുശാസ്ത്ര നിയമങ്ങള്‍ക്കനുസൃതമായ തോതില്‍ അഥവാ ദൈവീക നിയമങ്ങളുടെ ചുവടുപിടിച്ചുകൊണ്ട് ഗൃഹനിര്‍മാണവും വ്യാപാര വ്യാവസായിക സ്ഥാപനങ്ങളും രൂപകല്‍പ്പന നിര്‍വഹിക്കാനാശ്രയിക്കുന്ന കലയാണ് വാസ്തുശാസ്ത്രം.
വീടുകള്‍, കെട്ടിടങ്ങള്‍, ക്ഷേത്രങ്ങള്‍, വ്യാപാരസ്ഥാപങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഊര്‍ജപ്രവാഹത്തിന്റെ ശാസ്ത്രമാണ് വാസ്തുശാസ്ത്രം. ഇത് വീടിന്റെയോ സ്ഥലത്തിന്റെയോ പ്രത്യേകത വായിച്ചറിയുകയും അതിന് അവിടുത്തെ നിവാസികളില്‍ ഉള്ള സ്വാധീനം വിശദീകരിക്കുകയും ചെയ്യുന്നു. ഈ ശാസ്ത്രം പ്രകൃതിയുടെ നിയമങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ്. ഇത് മനുഷ്യരും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം മനസിലാക്കുന്നതിനും എല്ലാം എങ്ങനെയാണ് പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും നമ്മുടെ ക്ഷേമത്തെ സ്വാധീനിക്കുകയും ചെയ്യുന്നതെന്ന് മനസിലാക്കുന്നതിന് മാര്‍ഗം ഒരുക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വാസ്തുശാസ്ത്രം നിര്‍മിതികളുടെ ശാസ്ത്രമാണ്. പ്രത്യേകിച്ച് മനുഷ്യനിര്‍മിത പരിതസ്ഥിതിയെ പ്രകൃതിയുമായി താദാത്മ്യം ചെയ്യുകയും മനുഷ്യനിര്‍മിത പരിതസ്ഥിതിയും പ്രകൃതിയും പുറപ്പെടുവിക്കുന്ന ഊര്‍ജത്തിന്റെ പരമാവധി ഗുണം ലഭ്യമാക്കുന്ന തരത്തില്‍ മനുഷ്യനെ ശരിയായി വിന്യസിക്കുകയും ചെയ്യുന്ന ഒരു കലയാണ് വാസ്തുശാസ്ത്രം.
പഞ്ചഭൂതാത്മകമായ അഞ്ച് ഘടകങ്ങളുടെ സമന്വയം ഗൃഹനിര്‍മാണത്തില്‍ യഥാവിധി ക്രമീകരിക്കുന്ന വാസ്തുശാസ്ത്ര ശാഖയെ പൗരാണിക കാലം മുതലേ അംഗീകരിച്ചുവന്നിരുന്നു. മനുഷ്യശരീരത്തിലെ രാസഘടകം അഥവാ എലമെന്റല്‍ കോമ്പോസിഷ്യന്‍, ഘടക സമൃദ്ധി തുടങ്ങിയവയും ഭൗമാന്തരീക്ഷത്തിലെ രാസഘടകങ്ങളുമായി ഒരു സമന്വയം കാണാം. ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇവയാണ് പഞ്ചഭൂതങ്ങള്‍. മനുഷ്യശരീരവും പഞ്ചഭൂതാത്മകമാണ്. ഗൃഹനിര്‍മാണത്തില്‍ ഈ ആനുപാതിത്വം അനിവാര്യമാണെന്ന് ആചാര്യന്മാര്‍ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. വാസ്തു പുരുഷ സങ്കല്‍പ്പമായ അസുരനിലൂന്നിയാണ് ഗൃഹനിര്‍മാണ രൂപകല്‍പ്പന നടത്തേണ്ടതെന്ന് പുരാണങ്ങള്‍ വ്യക്തമാക്കുന്നു. വാസ്തുദോഷമുള്ള ഭൂമിയില്‍ നിര്‍മിച്ച ഭവനങ്ങളില്‍ താമസിക്കുന്ന ഗൃഹനാഥന്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് കടുത്തസാമ്പത്തിക നഷ്ടം, തീരാരോഗം, കുടുംബകലഹം, സൗഖ്യമില്ലായ്മ, അപമൃത്യു തുടങ്ങിയവയൊക്കെ വാസ്തുദോഷത്താല്‍ സംഭവിക്കുമെന്ന് ഋഷീശ്വരന്മാരുടെ കാലം മുതലേ വിശ്വസിക്കപ്പെടുന്നു.
ഭാരതീയ സങ്കല്‍പ്പത്തില്‍ ദിക്കുകള്‍ എട്ടെണ്ണമുണ്ട്. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, ഈശാന കോണ്‍, അഗ്നികോണ്‍, നിര്യതി കോണ്‍, വായു കോണ്‍. ഈ ദിക്കുകള്‍ക്കെല്ലാം ഓരോ ദിക്ക് പാലകരുമുണ്ട്. വാസ്തുശാസ്ത്രത്തില്‍ ദിശക്ക് വളരെ പ്രാധാന്യമുണ്ട്. പ്രധാനപ്പെട്ട ദിശകളില്‍ നിന്ന് ദര്‍ശനം ലഭിക്കുന്ന രീതിയിലായിരിക്കണം ഗൃഹത്തിന്റെ മുഖദര്‍ശനം. ദിക്കുകള്‍ മഹാദിക്കുകളെന്നും വിദിക്കുകള്‍ എന്നും നാലുതരത്തില്‍ ശാസ്ത്രം വിശേഷിപ്പിക്കുന്നു.
മുകളില്‍ പറഞ്ഞ എട്ടു ദിക്കുകളില്‍ കോണ്‍ തിരിഞ്ഞ ദിശകളിലേക്ക് ദര്‍ശനം നല്‍കിക്കൊണ്ടുള്ള ഗൃഹനിര്‍മാണം ഐശ്വര്യപ്രദമല്ല, ഉത്തമവുമല്ല എന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്. വീട്ടിലേക്ക് കയറിവരാനുള്ള സൗകര്യം, ഇടവഴികള്‍, റോഡ് സൗകര്യം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി കോണ്‍ തിരിഞ്ഞ ദിശയിലേക്ക് ദര്‍ശനം നല്‍കിക്കൊണ്ട് വീടിന്റെ എലിവേഷന് അമിത പ്രാധാന്യം നല്‍കി ഗൃഹനിര്‍മാണം നടത്തിയ എത്രയോ വീടുകളില്‍ താമസിക്കുന്നവര്‍ കടുത്ത പ്രതിസന്ധികളെ നേരിടുന്നതായും അനുഭവസ്ഥരിലൂടെ വ്യക്തമാകുന്നു. വലിയ ഭൂമി അല്ലെങ്കില്‍ പറമ്പുകള്‍ ഖണ്ഡങ്ങളാക്കി തരം തിരിക്കുമ്പോള്‍ നാടവഴിയും പ്ലോട്ടുകളും ദിശക്ക് സമാന്തരമായോ ദിശക്കനുസരിച്ചോ നിര്‍മിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഉത്തമമായ പരിഹാരമാര്‍ഗം. മനുഷ്യരടക്കമുള്ള സര്‍വ ജീവജാലങ്ങളുടെയും അതിജീവനത്തിനായുള്ള ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ആകാശഗോളമാണ് സൂര്യന്‍. നാം അധിവസിക്കുന്ന ഭൂമി ഉള്‍പ്പെടെയുള്ള ഒട്ടുമുക്കാല്‍ ഗ്രഹങ്ങളെയും നിയന്ത്രിക്കുന്നതും സൂര്യന്‍ തന്നെ. സൂര്യന്റെ പ്രകാശകിരണങ്ങള്‍ക്ക് മറവില്ലാത്ത ഭൂമിയില്‍ വേണം ഗൃഹനിര്‍മാണം നടത്തേണ്ടതെന്ന് ശാസ്ത്രം. ഉദിച്ചുയരുന്ന സൂര്യന്റെ പ്രഭാതകിരണങ്ങള്‍ എവിടെ ലഭിക്കുന്നുവോ അവിടങ്ങളില്‍ വീട് വയ്ക്കാന്‍ ഉത്തമം. ഉദയസൂര്യന്റെ ദര്‍ശനം പോലെതന്നെ നക്ഷത്രങ്ങളുടെ അസ്തമയദര്‍ശനം ലഭിക്കുന്ന ഇടങ്ങളും അനുയോജ്യം. നിലവിലുള്ള വീട് പൊളിച്ചുമാറ്റാതെ വാസ്തുദോഷം പരിഹരിക്കാനും വഴികളേറെ. കൂടുതലറിയാനും പരിഹാരമാര്‍ഗങ്ങള്‍ക്കുമായി വാസ്തുശാസ്ത്ര വിദഗ്ധന്റെ സേവനം ആവശ്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 9895644783, 9895745432.