കോഴിക്കോട് :ജില്ലയിലെ മലബാര്‍ സഹോദയ സ്കൂള്‍ കോംപ്ലക്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സഹോദയ ജില്ലാ കലോത്സവത്തിന്റെ നാലാം ഘട്ട സ്റ്റേജ് മത്സരങ്ങള്‍ 24, 25 തീയതികളില്‍ ചെത്തുകടവ് കെ.പി.സി.എം ശ്രീനാരായണ വിദ്യാലയത്തില്‍ നടക്കും. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് കലോത്സവം ഉദ്ഘാടനം ചെയ്യും.
നാലു ഘട്ടങ്ങളിലായാണ് ഈ വര്‍ഷത്തെ കലോത്സവം സംഘടിപ്പിക്കുന്നത്. ആദ്യഘട്ടമായ ഐ.ടി. ഫെസ്റ്റ് സെപ്റ്റംബര്‍ 9-ന് കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂളിലും രണ്ടാംഘട്ടത്തിലെ സ്റ്റേജിതര മത്സരങ്ങള്‍ സെപ്റ്റംബര്‍ 12-ന് പെരുമണ്ണ ദി വൈറ്റ് സ്കൂള്‍ ഇന്റര്‍നാഷണലിലും നടന്നു. മൂന്നാംഘട്ടത്തിലെ പെര്‍ഫോമിങ് ആര്‍ട്സ് മത്സരങ്ങള്‍ ഒക്ടോബര്‍ 17-ന് കോഴിക്കോട് ശ്രീ ഗോകുലം പബ്ലിക് സ്കൂളില്‍ നടന്നു. അവസാനഘട്ടമായ സ്റ്റേജ് മത്സരങ്ങളോടെയാണ് കലോത്സവത്തിന് സമാപനമാകുന്നത്.
സമാപന സമ്മേളനം ജില്ലാ കലക്ടറും ജില്ലാ മജിസ്ട്രേറ്റുമായ എം.എസ്. മാധവിക്കുട്ടി ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.ശ്രീനാരായണ എജുക്കേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് പി.വി. ചന്ദ്രന് അധ്യക്ഷത വഹിക്കും.
ഫ്ലവേഴ്സ് ടോപ് സിംഗര്‍ മെഗാ ഫൈനലിസ്റ്റ് കുമാരി ആര്‍ജിത ഭവ്യ സമ്മാനദാനം നിര്‍വഹിക്കും.
കോഴിക്കോട് ജില്ലയിലെ 68-ഓളം സി.ബി.എസ്.ഇ. സ്കൂളുകളില്‍ നിന്നായി മൂന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഏകദേശം 4000 ത്തോളം വിദ്യാര്‍ഥികള്‍ അഞ്ചു വിഭാഗങ്ങളിലായി 150 ഇനങ്ങളില്‍ മത്സരിക്കുന്നുണ്ട്. ഓരോ മത്സര ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടാതെ, ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന സ്കൂളുകള്‍ക്ക് ഓവറോള്‍ ട്രോഫികളും സമ്മാനിക്കും.
ഓരോ മത്സര ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ഥികള്‍ നവംബര്‍ 12 മുതല്‍ 15 വരെ തൃശ്ശൂര്‍ മാളയിലെ ഹോളി ഗ്രേസ് അക്കാദമിയില്‍ നടക്കുന്ന സംസ്ഥാനതല സഹോദയ കലോത്സവത്തില്‍ പങ്കെടുക്കും.
മലബാര്‍ സഹോദയ പ്രസിഡന്റ് മോനി യോഹന്നാന്, വൈസ് പ്രസിഡന്റ് ഫാ. ബിനോയി കെ. ഫ്രാന്‍സിസ്, സെക്രട്ടറി സിന്ധു ബി.പി, ട്രഷറര്‍ ടി.എം. സഫിയ മുഖ്യരക്ഷാധികാരി ഷക്കീല കെ പി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മലബാര്‍ സഹോദയ കോഴിക്കോട് ജില്ലാ കലോത്സവം 2026
നാലാം ഘട്ട സ്റ്റേജ് മത്സരങ്ങള്‍ 24, 25 ന്
