മദ്യനയം; യുഡിഎഫ് എല്‍ഡിഎഫിന്റെ കാര്‍ബണ്‍ കോപ്പിയാവരുത്; ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍

മദ്യനയം; യുഡിഎഫ് എല്‍ഡിഎഫിന്റെ കാര്‍ബണ്‍ കോപ്പിയാവരുത്; ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍

പി.ടി.നിസാര്‍

കോഴിക്കോട്: പുതുതലമുറയെ അടക്കം ലഹരി പിടിമുറുക്കുമ്പോള്‍ മദ്യനയത്തില്‍ സര്‍ക്കാര്‍ പിണറായി സര്‍ക്കാറിന്റെ കാര്‍ബണ്‍ കോപ്പിയാവരുതെന്ന് കേരള സംസ്ഥാന മദ്യനിരോധന സമിതി ചെയര്‍മാന്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത മദ്യനയം അപകടകരമായി ഇപ്പോഴും സര്‍ക്കാര്‍ രേഖകളിലുണ്ട്. അതിന്റെ പേരിലാണ് യുഡിഎഫ് സര്‍ക്കാര്‍ വളരെ സമര്‍ത്ഥമായി ചില കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ജനരോഷം ഭയന്ന് ജനവിരുദ്ധമായ എല്ലാ നയങ്ങളെയും മാറ്റിവെയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്. 1999 മാര്‍ച്ച് 24ന് നായനാര്‍ സര്‍ക്കാരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രാദേശിക മദ്യ നിയന്ത്രണ നിയമം അട്ടിമറിച്ചത്. ഇതിനെതിരെ കേരള മദ്യ നിരോധന സമിതി 9 വര്‍ഷക്കാലത്തോളം സമരം നടത്തി. 40 ദിവസം നീണ്ട സംസ്ഥാനം മുഴുവന്‍ നടത്തിയ മദ്യ വിരുദ്ധ ജാഥ ഉദ്ഘാടനം ചെയ്തത് മുസ്ലിംലീഗ് നേതാവും, മുന്‍ മന്ത്രിയുമായിരുന്ന സി.ടി.അഹമ്മദലിയായിരുന്നു. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന ആന്റണി സര്‍ക്കാര്‍, ചാരായ നിരോധനം നടത്തിയെങ്കിലും, തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം പുനഃസ്ഥാപിച്ച് കൊടുത്തില്ല. ഇതിനെതിരെ മലപ്പുറം കലക്ട്രേറ്റിന് മുന്‍പില്‍ 953 ദിവസം തുടര്‍ച്ചയായി സമരം നടത്തി. വി.എം.സുധീരന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ തുടങ്ങിയ നേതാക്കള്‍ സമരത്തെ അഭിമുഖീകരിച്ച് ഈ നിയമം പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കി. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. നിയമം പുനഃസ്ഥാപിച്ചില്ല. സംസ്ഥാനത്തെ 448 ബാറുകള്‍ ക്വാളിറ്റിയില്ലെന്ന സിഎജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇവ അടച്ചുപൂട്ടാന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനായി. തുടര്‍ന്ന് 29 ഫൈവ്സ്റ്റാര്‍ ബാറുകളൊഴിച്ച് മുഴുവന്‍ ബാറുകളും ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അടപ്പിച്ചു. 2016ല്‍ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ റംസാന്‍ കാലത്ത് കെ.ടി.ജലീലിന്റെ നേതൃത്വത്തില്‍ മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളെ അട്ടിമറിച്ച് ബാറുകള്‍ തുറന്നു. തങ്ങളധികാരത്തില്‍ വന്നാല്‍ മദ്യലഭ്യത കുറയ്ക്കുമെന്ന ഇടതു മുന്നണിയുടെ വാഗ്ദാനമാണ് പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചത്. പിണറായിയുടെ ഭരണ കാലത്ത് 945 ബാറുകള്‍ വീണ്ടും തുറന്നു. 2023 ആഗസ്ത് 24ന് ഞങ്ങള്‍ വീണ്ടും സമരം തുടങ്ങി. 914 ദിവസമാണ് സമരം നടത്തിയത്. അന്നത്തെ പ്രതിപക്ഷ നേതാവ്, ഇന്നത്തെ മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉറപ്പു നല്‍കിയതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കുമെന്ന്. അധികാരത്തിലെ 5 മാസമായിട്ടും ഒന്നും ചെയ്തിട്ടില്ല. പ്രൈമറി ക്ലാസുകള്‍ മുതല്‍ പാഠപുസ്തകങ്ങളില്‍ ലഹരിയുടെ ദൂഷ്യവശങ്ങള്‍ ഉള്‍പ്പെടുത്തണമെന്നതും നടപ്പായിട്ടില്ല. ഇപ്പോള്‍ ബേക്കറി വഴിയും ലഹരി വില്‍പ്പനയ്ക്ക് കളമൊരുക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ വ്യക്തമായ ഒരു മദ്യനയം പ്രഖ്യാപിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

മദ്യനയം; യുഡിഎഫ് എല്‍ഡിഎഫിന്റെ കാര്‍ബണ്‍ കോപ്പിയാവരുത്;
ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍

Share

Leave a Reply

Your email address will not be published. Required fields are marked *