സി.പി.എം നേതാവ് പി ബാലന് അന്തരിച്ചു
കണ്ണൂര്‍: സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും ദീര്‍ഘകാലം പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്ന മുതിര്‍ന്ന നേതാവ് പി. ബാലന് (86) അന്തരിച്ചു. കഴിഞ്ഞ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡലം പ്രതിനിധിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോയിലോട് ശ്മശാനത്തില്‍ നടക്കും.
അവിഭക്ത കൂത്തുപറമ്പ്, പിണറായി ഏരിയകളില്‍ കമ്മ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങളെ താഴെത്തട്ടില്‍ വളര്‍ത്തിയെടുക്കുന്നതില്‍ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച നേതാവാണ് പി. ബാലന്. വേങ്ങാട് സ്വദേശിയായ ഇദ്ദേഹം മുന്‍ വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമില്ലാതിരുന്ന വേങ്ങാടും പരിസര പ്രദേശങ്ങളും പാര്‍ട്ടിയുടെ ഉറച്ച ചുവപ്പ് കോട്ടകളാക്കി മാറ്റുന്നതില്‍ അദ്ദേഹം മുന്നണിപ്പോരാളിയായി നിലകൊണ്ടു.
ദീര്‍ഘകാലം സിപിഎം പിണറായി ഏരിയാ സെക്രട്ടറിയായും കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം ട്രേഡ് യൂണിയന് രംഗത്തും സജീവമായിരുന്നു. ചെത്തുതൊഴിലാളി യൂണിയന് കൂത്തുപറമ്പ് റേഞ്ച് സെക്രട്ടറി, കൈത്തറി തൊഴിലാളി യൂണിയന് ജില്ലാ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. വേങ്ങാട് ഇ.കെ. നായനാര്‍ സ്മാരക ഗവ. ഹൈസ്കൂളിന്റെ സ്ഥാപക നേതാക്കളില്‍ പ്രധാനി കൂടിയാണ് അദ്ദേഹം. ഭാര്യ: പത്മിനി. മക്കള്‍: പി. രമേശന് (കൂത്തുപറമ്പ് സഹകരണ റൂറല്‍ ബാങ്ക് സെക്രട്ടറി, സിപിഐഎം വേങ്ങാട് ഈസ്റ്റ് ബ്രാഞ്ച് അംഗം), പി. ദിനേശന് (കുവൈത്ത്), പരേതനായ സുരേഷ്. മരുമക്കള്‍: ബിന്ദു, രഞ്ജിനി (മട്ടന്നൂര്‍ ട്രഷറി), ലിന്റ.
