കോഴിക്കോട്: സംസ്ഥാനത്തെ ബേക്കറി, ഫുഡ് പ്രോസസിംഗ് മേഖലകളിലെ വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും പുതിയ അവസരങ്ങള്‍ ഒരുക്കി ബേക്കേഴ്സ് അസോസിയേഷന് കേരള ( ബേക്ക്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ബേക്ക് എക്സ്പോ-2026’ ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ ബേക്കറി, ഫുഡ് പ്രോസസിംഗ് മേഖലയിലെ ഏറ്റവും വലിയ വ്യാപാര സംഗമങ്ങളിലൊന്നായി മാറുന്ന എക്സ്പോയില്‍ 700-ലധികം പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കും. ബേക്കറി മെഷിനറികള്‍, ഫുഡ് പ്രോസസിംഗ് ഉപകരണങ്ങള്‍, അസംസ്കൃത വസ്തുക്കള്‍, പാക്കേജിംഗ്, റഫ്രിജറേഷന്‍, കിച്ചണ്‍ എക്യുപ്മെന്റ്, ഫുഡ് ടെക്നോളജി, ഓട്ടോമേഷന്‍, ഫുഡ് സേഫ്റ്റി തുടങ്ങിയ മേഖലകളിലെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ബേക്കറി സംരംഭകര്‍, ഫുഡ് പ്രോസസിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഹോട്ടല്‍-റസ്റ്റോറന്റ് മേഖലയിലുള്ളവര്‍, റീട്ടെയില്‍ വ്യാപാരികള്‍, ഫുഡ് പ്രോസസിംഗ് വ്യവസായികള്‍, യുവ സംരംഭകര്‍ എന്നിവരടക്കം 25,000-ത്തിലധികം വ്യാപാര സംരംഭകര്‍ എക്സ്പോ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകര്‍ പറഞ്ഞു.
9ന് രാവിലെ 10ന് വ്യവസായ-ഐ.ടി. മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി എക്സ്പോയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
10ന് രാവിലെ 10.30ന് പുതിയ ആശയങ്ങള്‍ക്കും നൂതന സംരംഭങ്ങള്‍ക്കും വേദിയൊരുക്കുന്ന ‘ ബേക്ക് നെക്സ്റ്റ് 2026’ മുഖ്യമന്ത്രി വി. ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥിയാകും.
ഫുഡ് ടെക്നോളജി, ബേക്കറി ടെക്നോളജി, ഫുഡ് പ്രോസസിംഗ് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍, യുവ സംരംഭകര്‍, ഇന്നൊവേറ്റര്‍മാര്‍ എന്നിവര്‍ക്ക് അവരുടെ ആശയങ്ങളും നൂതന സംരംഭങ്ങളും അവതരിപ്പിക്കാനുള്ള അവസരമാണ് ബേക്ക് നെക്സ്റ്റ് ഒരുക്കുന്നത്.
11ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ ബേക്കറി-ഫുഡ് പ്രോസസിംഗ് മേഖലയിലെ പുതിയ സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളും ഉല്‍പ്പന്നങ്ങളും പരിചയപ്പെടുത്തുന്നതിനും സംരംഭകര്‍ക്ക് പുതിയ ബിസിനസ് ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും ബേക്ക് എക്സ്പോ സഹായകരമാകുമെന്ന് സംഘാടകര്‍ പറഞ്ഞു.
ബേക്ക് എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പ്രചാരണം 6ന് വൈകിട്ട് 4 ന് നടക്കുന്ന ‘മധുര വണ്ടി നഗര വീഥിയില്‍ ‘ എന്ന പരിപടിയോടെ സമാപിക്കും.വി കെ ഫൈസല്‍ ബാബു എം എല്‍ എ മുഖ്യാതിഥിയാകും.
കെ എസ് ആര് ടി സി ഡബിള്‍ ഡക്കര്‍ ബസില്‍ നഗരത്തിലൂടെ യാത്ര ചെയ്ത് വൈകീട്ട് 5 ന് ബീച്ചില്‍ സമാപിക്കും. ചൊവ്വാഴ്ച വൈകീട്ട് 4 മുതല്‍ 6 വരെ ബേക്ക് അംഗത്വമുള്ള കേരളത്തിലെ എല്ലാ ബേക്കറികളിലും മധുരം വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ബേക്ക് ജില്ലാ പ്രസിഡന്റ് ദേവദാസ് തായാട്ട് , ജില്ല ജനറല്‍ സെക്രട്ടറി എം എം അബ്ദുല്‍ സലാം, സംസ്ഥാന കമ്മിറ്റി അംഗം കെ ആര് രഞ്ജിത് , വൈസ് പ്രസിഡന്റ് നൗഫല്‍ മണലൊടി, ബേക്ക് കെയര്‍ ഫൗണ്ടേഷന് ചെയര്മാന് യു.വി മഖ്ബൂല്‍, ട്രഷറര്‍ എം പ്രദീപ്, ഫൗണ്ടേഷന് കണ്‍വീനര്‍ എ കെ ജുനൈസ് എന്നിവര്‍ പങ്കെടുത്തു.
‘ബേക്ക് എക്സ്പോ-2026’ 9 മുതല്‍ 11 വരെഅങ്കമാലിയില്
