സംസ്ഥാനത്തെ മയക്ക്മരുന്ന് ലോബികള്‍ക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയമായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇക്കാര്യത്തിലുള്ള ധീരമായ നടപടികളെ അഭിനന്ദിക്കുന്നു. കേരളത്തെ പിടിമുറിക്കികൊണ്ടിരിക്കുന്ന മയക്ക്മരുന്ന് ലോബികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെയും കേരള പൊലീസിന്റെയും പോരാട്ട വീര്യം പകര്‍ന്ന് ആബാലവൃന്ദം ജനങ്ങളും കൈകോര്‍ക്കുന്ന കാഴ്ചയാണ് കേരളം ദര്‍ശിച്ചത്. കേരളത്തിന്റെ ഈ പോരാട്ടം രാജ്യത്തിനാകെ മാതൃകയാണ്. കേരളത്തിലേക്ക് മയക്ക്മരുന്ന് എത്തിക്കുന്നവര്‍ കേന്ദ്രീകരിക്കുന്ന അയല്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലിലൂടെ ഇതിനെതിരെ വിശാലമായ ഒരു പടയൊരുക്കം തന്നെ തുടക്കമിട്ടിരിക്കുകയാണ്. 2029 ഓടെ രാജ്യം മയക്ക്മരുന്ന് മുക്തമാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. മയക്ക്മരുന്ന് ലോബികള്‍ക്കെതിരെ രാജ്യാന്തര തലത്തില്‍ തന്നെ ഇടപെട്ട് ഇവരെ അമര്‍ ചെയ്യുമെന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയെയും അഭിനന്ദിക്കുന്നു. മയക്ക്മരുന്ന് ലോബിയുടെ വേരുകള്‍ വിദേശ രാജ്യങ്ങളിലാണ്. ഇവയുടെ ഇല്ലായ്മയിലൂടെ മാത്രമേ മയക്ക്മരുന്നെന്ന വിപത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാനാവൂ. ഇതിനായി ലോക രാജ്യങ്ങള്‍ക്കിടയില്‍ കൂട്ടായ്മ രൂപപ്പെടുമെന്നാശിക്കാം.
കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച മയക്ക്മരുന്ന് വിരുദ്ധ പോരാട്ടം ഇനിയും തുടരുമെന്നാണ് ആഭ്യന്തര മന്ത്രി പ്രസ്താവിച്ചിട്ടുള്ളത്. ഒന്നാംട്ടത്തില്‍ വലിയരീതിയില്‍ അറസ്റ്റും, കേസെടുക്കലും മറ്റുമുണ്ടായി. അതിന്റെ ഭാഗമായി മയക്ക്മരുന്ന് കച്ചവടക്കാര്‍ പലരും ഇന്ന് ഇരുമ്പഴിക്കുള്ളിലാണ്. നാടിനെ നശിപ്പിക്കുന്ന, പുതുതലമുറയെ ഇല്ലാതാക്കുന്ന മയക്ക്മരുന്ന് ലോബികള്‍ക്കെതിരെ ഓരോ കേരളീയനും നിതാന്ത ജാഗ്രത പുലര്‍ത്തണം. മയക്ക്മരുന്നുപയോഗിച്ച്, പിന്നീട് അതിന്റെ കച്ചവടക്കാരായി പണം സമ്പാദിക്കുന്നതായാണ് കണ്ടുവരുന്നുത്. അതുകൊണ്ട്തന്നെ അനധികൃതമായി ഇത്തരക്കാര്‍ സമ്പാദിക്കുന്ന പണവും സ്വത്തും കണ്ടുകെട്ടാന്‍ നിയമവഴികളുണ്ടെങ്കില്‍ അതും നടപ്പാക്കണം. കൂടാതെ കടുത്ത ശിക്ഷയും നല്‍കണം. മഹാ ദ്രോഹമാണ് നാടിനോടും ജനങ്ങളോടും ഇത്തരം സാമൂഹിക വിരുദ്ധര്‍ ചെയ്യുന്നത്. ലോകത്തിന് മാതൃകയായ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ നശിപ്പിക്കാന്‍ ഒരു ശക്തികളെയും അനുവദിക്കരുത്.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാംഘട്ടം വന്‍ വിജയമാകട്ടെ. ഇതോടുകൂടി ലഹരിമാഫിയയുടെ അടിവേരറുക്കാന്‍ സാധിക്കട്ടെ. കേരള പൊലീസിന്റെ കീഴില്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്ന പുതിയ ഡിവിഷന്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ലഹരിക്കെതിരായ പോരാട്ടത്തില്‍ നാഴികകല്ലാവും. ലഹരിക്കെതിരായി പോരാടുന്ന സംസ്ഥാനത്തെ പൊലീസിനും, എക്‌സൈസ് വിഭാഗത്തിനും അഭിനന്ദനം. ലഹരിക്കെതിരായ പോരാട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, മതസംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, ചേംബറുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നാടിനെ സ്‌നേഹിക്കുന്ന എല്ലാവരും ഒന്നിച്ചൊന്നായി കൈകോര്‍ത്ത് പോരാടണം. മയക്ക്മരുന്നെന്ന മാരക വിപത്തിനെ കുഴിച്ചുമൂടാന്‍ നമുക്കോരോരുത്തര്‍ക്കും പ്രതിജ്ഞയെടുക്കാം.
