തിരുവനന്തപുരം: കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഇന്നലെ വൈകുന്നേരം വിമാനത്തിനുള്ളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി സംഘര്‍ഷങ്ങളുണ്ടായി. അതില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ ഇന്ദിര ഭവനു നേരെ ആക്രമണം അഴിച്ചുവിട്ടു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനമാകെ കരിദിനം ആചരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു.
ഇന്നലെ മുഖ്യമന്ത്രിക്കു നേരെ വിമാനത്തിലുണ്ടായിരുന്ന പ്രതിഷേധത്തിനു ശേഷം സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് സംഘര്‍ഷമുണ്ടായത്. തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനമന്ദിരം ആക്രമിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് എ.കെ ആന്റണി ഓഫിസില്‍ ഉണ്ടായിരുന്നു. ആക്രമവുമായി സി.പി.എം മുന്നോട്ടുപോയാല്‍ പ്രതിരോധിക്കുമെന്ന് കെ.സുധാകരന് പറഞ്ഞു.