തൃശൂര്‍: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലേ നഴ്‌സുമാര്‍ നാളെ പണിമുടക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.ഏറ്റവും കുറഞ്ഞ വേതനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന കര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ല. കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ വ്യക്തമാക്കി. നാളെ ആശുപത്രികളിലെ മൂന്നില്‍ ഒന്ന് ജീവനക്കാര്‍ ജോലിക്ക് കയറും. ബാക്കിയുള്ളവര്‍ സൂചനാ സമരത്തില്‍ പങ്കെടുക്കും.
നിലവില്‍ 20000 രൂപയാണ് ഏറ്റവും കുറഞ്ഞ വേതനം.പണിമുടക്ക് ദിവസം അവകാശ പ്രഖ്യാപന സമ്മേളനവും നടക്കും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം വീട്ടമ്മയുടെ വയറ്റില്‍ അകപ്പെട്ട സംഭവം സിസ്റ്റത്തിന്റെ പിഴവാണെന്നും നഴ്‌സുമാരും രോഗികളും തമ്മിലുള്ള അനുപാതം പാലിച്ചാലെ പ്രശ്‌നം തീരുകയുള്ളുവെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. എല്ലാ ഉത്തരവാദിത്തവും ഡോക്ടര്‍മാര്‍ അവസാനം നഴ്‌സുമാരുടെ തലയിലിടുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും
