ജീവിതം നന്മയാല്‍ പ്രഭാപൂരിതമാക്കുക; ആചാര്യ എ കെ ബി നായര്‍

ജീവിതം നന്മയാല്‍ പ്രഭാപൂരിതമാക്കുക; ആചാര്യ എ കെ ബി നായര്‍

കോഴിക്കോട്: മനുഷ്യ ജീവിതം കുറഞ്ഞകാലഘട്ടം മാത്രം നിലനില്‍ക്കുന്നതിനാല്‍ ജീവിതം നന്മയാല്‍ പ്രഭാപൂരിതമാക്കണമെന്ന് ആചാര്യ എ കെ ബി നായര്‍ പറഞ്ഞു. സി.പി.ആലിക്കോയ രചിച്ച ‘ഖുര്‍ ആന്‍ അത്ഭുതപ്പെടുത്തുന്ന ഭവ്യ തേജസ്’ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ദിവസവും എന്ത് നന്മയാണ് നാം ചെയ്യേണ്ടത് എന്നാണ് ആലോചിക്കേണ്ടത്. മണ്‍കുടത്തില്‍ സൂക്ഷിക്കുന്ന വെള്ളം വറ്റുന്നത് പോലെ നമ്മുടെ ആയുസ്സ് കൊഴിഞ്ഞു പോകുകയാണ്. നബി തിരുമേനിയുടെ 23 വര്‍ഷക്കാലത്തെ പ്രബോധന ജീവിതം സമൂഹത്തിനാകെ മാതൃകയാണ്. ചുരുങ്ങിയ കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനംകൊണ്ട് ലോകത്ത് വിവിധ രാജ്യങ്ങളില്‍ മുസ്ലിംകള്‍ ഇന്ന് ചിട്ടയോടെ ജീവിക്കുന്നു. ഭൂമിയുടെ നല്ലൊരു ഭാഗത്ത് ഇന്ന് മുസ്ലിം സമൂഹമുണ്ട്. മറ്റ് വേദഗ്രന്ഥങ്ങളെ അംഗീകരിക്കുന്ന വേദമാണ് ഖുര്‍ ആന്‍. മറ്റു മതങ്ങളെ വേദനിപ്പിക്കാനോ, വിഷമിപ്പിക്കാനോ ഖുര്‍ ആന്‍ തയ്യാറാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. മാനവരാശിക്ക് ആത്മീയത പകര്‍ന്നു നല്‍കിയ വേദമാണ് ഖുര്‍ ആന്‍. വെറുപ്പും, ശത്രുതയും നമ്മുടെ ആയുസ്സിനെ നശിപ്പിക്കും. ആകാശവും, ഭൂമിയും, ഒരുസാന്‍ഡ്‌വിച്ച് പോലെയാണെന്ന ഖുര്‍ ആന്റെ ദര്‍ശനം, മറ്റ് വേദങ്ങളും ശരിവെക്കുന്നുണ്ട്.

പ്രപഞ്ചമുണ്ടായത് ജലത്തില്‍ നിന്നാണെന്ന് വേദം പറയുന്നു.പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണീ പ്രപഞ്ചം. ഭാരതീയ വേദങ്ങളിലും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലോകാ സമസ്‌തോ സുഖിനോ ഭവന്തു എന്ന കാഴ്ചപ്പാട് നാം മുറുകെ പിടിക്കണം. മത ഗ്രന്ഥങ്ങളുടെ ആഴങ്ങളിലേക്ക് കടക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയുന്നില്ലെന്ന പോരായ്മയുണ്ട്. അതവര്‍ക്ക് പകര്‍ന്ന് നല്‍കാന്‍ പണ്ഡിതര്‍ക്കാവണം. പ്രവാചക തിരുമേനി സാധാരണക്കാര്‍ക്കായി നിലകൊണ്ട മഹാത്മാവാണ്. സമൂഹത്തിന്റെ ഉന്നമനം, നമ്മള്‍ എങ്ങിനെ ജീവിക്കണം, എന്താണ് നമ്മുടെ ജീവിത ലക്ഷ്യം എന്നെല്ലാം പ്രവാചകന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. നന്മ ചെയ്യുന്നവരെ സമൂഹം എന്നുമോര്‍ക്കും.സി.പി.ആലിക്കോയ രചിച്ച ഈ പുസ്തകത്തിന്റെ പേര് തന്നെ തേജസ് നല്‍കുന്നതാണ്. ശബ്ദത്തിന് വലിയ കഴിവുകളുണ്ട്. അതിലൂടെ വ്യക്തിയെ തിരിച്ചറിയാന്‍ സാധിക്കും. ഇന്നത്തെ പുതു തലമുറ ഈ പുസ്തകം വായിക്കണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ജീവിതം നന്മയാല്‍ പ്രഭാപൂരിതമാക്കുക;
ആചാര്യ എ കെ ബി നായര്‍

Share

Leave a Reply

Your email address will not be published. Required fields are marked *