എല്‍ഡിഎഫിന് നിരുപാധിക പിന്തുണയറിയിച്ച് സോഷ്യലിസ്റ്റ് ജനതാദള്‍
തിരുവനന്തപുരം: മികച്ച ഭരണനേട്ടങ്ങളിലൂടെയും ജനക്ഷേമ പദ്ധതികളിലൂടെയും മുഖ്യമന്ത്രി പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഏറെ കരുതലോടെയാണ് കേരളത്തെ കൈപിടിച്ച് നയിക്കുന്നതെന്നും ഈ ജനകീയ വികസന തുടര്‍ച്ചയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍വിജയം നേടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ശ്രീനിവാസന് കുറുപ്പത്ത് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
പാര്‍ട്ടി രജിസ്ട്രേഷന് പോലുമില്ലാതെ തികച്ചും ജനാധിപത്യ വിരുദ്ധമായ സംഘടനാ സംവിധാനത്തില്‍
എന്‍ഡിഎയുടെ ഭാഗമായി ഒരു പതിറ്റാണ്ടുകാലം കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സോഷ്യലിസ്റ്റ് ജനതാദളിനെ ശ്രീനിവാസന് കുറുപ്പത്ത് പക്ഷം ഒരുവര്‍ഷത്തോളമായി സ്വതന്ത്രമായും ജനകീയമായും നയിക്കുകയാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്ജെഡിയുടെ സ്വതന്ത്ര്യമായുള്ള സ്ഥാനാര്‍ഥിത്വം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
സോഷ്യലിസ്റ്റുകള്‍ എന്ന നിലയില്‍ വര്‍ഗ്ഗീയ ശക്തികളെ എതിര്‍ക്കുകയും ഇടതുപക്ഷ ഭരണത്തെ പിന്തുണക്കുകയും ചെയ്യുക എന്ന പാര്‍ട്ടി നയത്തിന്റെ ഭാഗമായാണ് സംസ്ഥാന തലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് നിരുപാധിക പിന്തുണ നല്കാന് എസ്ജെഡി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതന്ന് നേതാക്കളായ ശ്രീനിവാസന് കുറുപ്പത്ത്, പി.കെ.ശാന്തകുമാര്‍ എന്നിവര്‍ പറഞ്ഞു.
