1000 സിഗരറ്റ് വലിക്കുന്നതിന് തുല്യം; ഡല്‍ഹി ഗ്യാസ് ചേംബറെന്ന് മുന്‍ ഡിജിപി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദിനം പ്രതി വായു മലിനീകരണം മോശം അവസ്ഥയിലേക്കെത്തുകയാണ്. 400 മുകളിലാണ് വിവിധയിടങ്ങളില്‍ വായു മലനീകരണ തോത്. ഈ സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ ഡിജിപി ശേഷ് പോള്‍ വൈദ് രംഗത്തെത്തി.
ഡല്‍ഹി യാത്രയില്‍ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നും ഈ പ്രശ്നങ്ങളില്‍ ആവശ്യമായ നടപടിയെടുക്കാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളും സുപ്രീം കോടതിയും തയാറാവണമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
”15 ദിവസം ഡല്‍ഹിയില്‍ താമസിച്ചതിനു ശേഷം ഇന്നാണ് ഞാനും കുടുംബവും ജമ്മു കശ്മീരില്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ ഞങ്ങളുടെ അവസ്ഥ വളരെ മോശമാണ്. കഠിനമായ തൊണ്ടവേദനയും മൂക്കോലിപ്പും മൂലംബുദ്ധിമുട്ടുകയാണ്. 1000 സിഗരറ്റ് വലിക്കുന്നതിന് തുല്യമായ അവസ്ഥ. വളരെ കുറച്ചു ദിവസം ഡല്‍ഹിയില്‍ തങ്ങിയതിന് ശേഷം തങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ ഡല്‍ഹിയിലെ കുട്ടികളുടെയും പ്രായമായവരുടെയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവരുടെയും അവസ്ഥ എന്തായിരിക്കും.
ഈ പ്രതിസന്ധിയിലും സുപ്രീ കോടതിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അടിയന്തര നടപടിയിലേക്ക് കടക്കുന്നില്ലെങ്കില്‍ എന്ത് ചെയ്യും? ഉത്തരവാദിത്വം ആര്‍ക്കാണ്? ഇങ്ങനെ ഡല്‍ഹി എത്രകാലം ഗ്യാസ് ചേമ്പറായി നിലനില്ക്കും?” അദ്ദേഹം എക്സില്‍ കുറിച്ചു.
