മടക്കി വയ്ക്കാവുന്ന ഹെൽമെറ്റുമായി കേരളാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ

കോഴിക്കോട് : ഹെൽമെറ്റിന്റെ ഉപയോഗംഇരുചക്ര വാഹന യാത്രികരുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കാനുള്ളതാണ്. കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലേക്ക് മാറിയിരിക്കുന്ന മലയാളിക്ക് മൂന്നംഗങ്ങളുള്ള ഒരു കുടുംബം ഇരുചക്രവാഹനത്തിൽ യാത്രയ്ക്കിറങ്ങുമ്പോൾ ലക്ഷ്യസ്ഥാനത്തെത്തിയാൽ ഹെൽമെറ്റ് എവിടെ സൂക്ഷിക്കുമെന്ന ആശങ്ക സ്വാഭാവികം. ഇതിന് മറുമരുന്നാകുന്ന രൂപകൽപ്പനയുമായി ഇന്ത്യാ സ്‌കിൽ കേരള വേദിയിലെത്തിയിരിക്കുകയാണ് തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരളാ അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ ഉപസ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (കെഎസ്‌ഐഡി). മൂന്നാക്കി മടക്കി ഉപയോഗിക്കാവുന്ന വിധത്തിലുള്ള ഹെൽമറ്റാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റഗ്രേറ്റഡ് ലൈഫ്‌സ്‌റ്റൈൽ പ്രോഡക്ട് ഡിസൈൻ വിഭാഗത്തിലെ കുട്ടികൾ രൂപരകൽപന ചെയതിരിക്കുന്നത.് ഇതിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള ശ്രമം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു കഴിഞ്ഞു. ഫവാസ് കിലിയാനി എന്ന മലപ്പുറംകാരനായ വിദ്യാർഥിയുടെ മനസിലുദിച്ച ആശയമാണ് രൂപകൽപ്പനയായി മാറിയിരിക്കുന്നത്.
ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ജോലിക്കിടയിൽ ഉപയോഗിക്കാവുന്ന ട്രഫിൽ എന്ന പേരിട്ടിരിക്കുന്ന മാസ്‌ക്-ഹെൽമെറ്റും ഇവർ രൂപകൽപ്പന ചെയ്തിട്ടുണ്ട്. മലപ്പുറംകാരനായ നിഖിൽ ദിനേശാണ് ഇത് തയാറാക്കിയിട്ടുള്ളത്. നിരത്തുകളിലെ പൊടി ശല്യം ഒഴിവാക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഈ മാസ്‌ക്-ഹെൽമെറ്റ് പുറത്തുനിന്നുള്ള വായുവിനെ ശുദ്ധീകരിച്ച് ശ്വസിക്കാൻ സഹായിക്കുന്നു. അകത്തേക്ക് എത്തുന്ന വായുവിനെ ഫിൽട്ടർ ചെയ്യുന്നതിനുള്ള ചെറിയ സംവിധാനങ്ങളും മാസ്‌ക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. പോലീസ് വാക്കി ടോക്കി കണക്ടറ്റ് ചെയ്യാവുന്ന സംവിധാനങ്ങളും ഇതിൽ സജ്ജീകരിച്ചിട്ടുള്ളതിനാൽ ഒരു വൈഫൈ സംവിധാനം പോലെ ഹെൽമെറ്റ് ഉപയോഗിക്കാൻ കഴിയും.
ആശുപത്രികളിലെത്തുമ്പോൾ ഡോക്ടറെക്കാണാൻ കാത്തിരിക്കുന്ന സമയം ലഭിക്കാൻ ഹെൽത്ത് പെർ എന്ന പുതിയ സംവിധാനവും കെഎസ്‌ഐഡി വിദ്യാർഥികൾ തയാറാക്കിയിട്ടുണ്ട്. കൺസൾട്ടിംഗ് സമയത്തിനിടെ ബേസിക് ഹെൽത്ത് ചെക്കപ്പുകളായ ബ്ലഡ് പ്രഷർ, പൾസ് മോണിട്ടറിംഗ്, ശരീര ഭാരം, ഉയരം തുടങ്ങിയവ സ്വയം പരിശോധിക്കാൻ കഴിയുന്ന മെഷീൻ ആണ് രൂപപ്പെടുത്തിയിരിക്കുന്നത്. രോഗിക്ക് ഇതിൽ കയറി പരിശോധനയ്ക്കായി ഇരിക്കുമ്പോൾ റിസൾട്ട് അവിടെ സ്ഥാപിച്ചിരിക്കുന്ന ഇ-മോണിട്ടറിൽ ലഭ്യമാകുന്ന വിധത്തിലാണ് രൂപകൽപ്പന.
ട്രൈക്ക് എന്ന പേരിൽ പ്രോട്ടോ ടൈപ്പ് മുച്ചക്ര ബൈക്കും ഇവിടുത്തെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ജിതിൻ ജ്യോത് രൂപപ്പെടുത്തിയിട്ടുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് സ്‌കൂട്ടർ എന്ന നിലയിലുമാണ് ഇത് തയാറാക്കുന്നത്. ഇരുചക്ര വാഹനത്തിന്റെ സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മുച്ചക്ര വാഹനമാണ് ഇത് എന്നത് പ്രത്യേകതയുമാണ്.
മലയാളി വിദ്യാർഥികൾക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യർഥികളാണ് കെഎസ്‌ഐഡി കാമ്പസിന്റെ ജീവ സ്പന്ദനമായിരിക്കുന്നത്.
കെഎസ്‌ഐഡിക്ക് സാങ്കേതിക സഹായം നൽകുന്നത് അഹമ്മദാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനാണ്(എൻ.ഐ.ഡി). സിലബസും ഫാക്കൽട്ടിയുമെല്ലാം എൻ.ഐ.ഡി യുടേതാണ്. മൂന്നു തരത്തിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളാണ് കെഎസ്‌ഐഡി നടത്തുന്നത്.
ഇന്റഗ്രേറ്റഡ് ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ്‌സ്‌റ്റൈൽ പ്രോഡക്ട് ഡിസൈൻ,ഐ.ടി. ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻ ഡിസൈൻ എന്നിവയാണിത്.
ആശയങ്ങളുടെ വിതാനം എന്ന പേരിൽ വിതാഷ് 2020 എന്ന മത്സരത്തിന് കളമൊരുക്കുകയാണ് കെഎസ്‌ഐഡിയുടെ അടുത്ത പ്രധാന പദ്ധതി. മുൻ വർഷം കൊല്ലം നഗരത്തിലെ ചുവരുകൾക്ക് ഛായക്കൂട്ടുകൾ കൊണ്ട് ചിത്രത്തുന്നലുകൾ നടത്തിയ കെഎസ്‌ഐഡി സംഘം ഇക്കുറി വ്യത്യസ്തമായ ആശയമാണ് നടപ്പാക്കുന്നത്. അവസരങ്ങൾ ലഭിക്കാതെ പിന്നണിയിലേക്ക് മാറി നിൽക്കുന്ന കലാകാരൻമാരെ പ്രോത്സാഹിപ്പിക്കാൻ കെഎസ്‌ഐഡി കാമ്പസിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കഴിവുള്ള വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. ഏതു കഴിവും പ്രദർശിപ്പിക്കാൻ അവസരമൊരുക്കുന്ന നാലു നാൾ നീളുന്ന മത്സരമാണ് ഏപ്രിൽ-മെയ് മാസങ്ങളിൽ ഇവിടെ നടത്താൻ ഉദ്ദേശിക്കുന്നത്.
ഡിസൈൻ രംഗത്തെ പുതിയ പ്രവണതകൾ പഠിപ്പിക്കാനായി കൊല്ലം ചന്ദനത്തോപ്പിൽ തുടങ്ങിയ കേരളാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഇതേ രംഗത്ത് സ്വപ്‌നം കാണുന്നതിനുമപ്പുറത്തേക്കുള്ള ചുവടു വയ്പ്പിലാണ്. കൂടുതൽ വിവരങ്ങൾ 0474-2710393, 2719193 എന്ന നമ്പരിലും www.ksid.ac.in
എന്ന വെബ് സൈറ്റിലും ലഭിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *