തെരുവ് നായ ശല്യം പരിഹാരമുണ്ടാക്കണം(എഡിറ്റോറിയല്‍)

തെരുവ് നായ ശല്യം പരിഹാരമുണ്ടാക്കണം(എഡിറ്റോറിയല്‍)

           കേരളമാകെ ഭീതിയാവുന്ന ഒന്നാണ് തെരുവ് നായ ശല്ല്യം. തെരുവ് നായകളുടെ ആക്രമണ വാര്‍ത്തകള്‍ സ്ഥിരമായിരിക്കുന്നു. ആബാലവൃദ്ധം ജനങ്ങള്‍ക്കും തെരുവ് നായയുടെ ആക്രമണമേല്‍ക്കുകയാണ്. ജനങ്ങള്‍ക്ക് സുരക്ഷിതമായി വഴിനടക്കാനാവാത്ത തരത്തില്‍ തെരുവ് നായ ശല്ല്യം വര്‍ദ്ധിക്കാനുള്ള കാരണം കണ്ടെത്തി പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.തെരുവ് നായകളെ വന്ധ്യംകരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാണ് നടക്കുന്നതെന്ന് അധികാരികള്‍ വ്യക്തമാക്കുമ്പോഴും തെരുവ് നായകള്‍ പെരുകുന്നതായാണ് കണ്ട് വരുന്നത്. ഒറ്റയ്ക്കും, പലപ്പോഴും കൂട്ടമായും സഞ്ചരിക്കുന്ന ഇവകള്‍ പെട്ടെന്നാണ് അക്രമകാരികളാവുന്നത്. അതില്‍ത്തന്നെ പേവിഷബാധയുള്ള നായകളുണ്ടെങ്കില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാവും. പേവിഷബാധയേറ്റ് സംസ്ഥാനത്ത് നിരവധി മരണങ്ങളാണുണ്ടാവുന്നത്. നായയുടെ കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ കൃത്യമായി നല്‍കുന്നതിലും, തുടര്‍ന്ന് ആശുപത്രിയിലെത്തുന്നവര്‍ക്ക് വിദഗ്ധമായ ചികിത്സ കിട്ടാത്തതും മരണത്തിനിടയാക്കുന്നുണ്ട്. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്‌സിന്‍ കൃത്യമായി സൂക്ഷിക്കാത്തതിനാല്‍ മരുന്നിന്റെ ഫലസിദ്ധി ശരിക്കും ലഭിക്കുന്നില്ല എന്നും അഭിപ്രായമുണ്ട്.
തെരുവോരങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന  ഭക്ഷ്യ മാലിന്യങ്ങള്‍ തിന്ന് നായകള്‍, ഒറ്റയ്ക്കും കൂട്ടമായും നടക്കുകയാണ്. ശുചീകരണ പ്രവര്‍ത്തികള്‍ വന്‍ വിജയത്തിലേക്കെന്ന് നാം പ്രഖ്യാപിക്കുമ്പോഴും, ഇക്കാര്യം പരിപൂര്‍ണ്ണമായി നടക്കുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. റോഡുകളിലും ഇടവഴികളിലും, പൊതുവിടങ്ങളിലും സഞ്ചിരക്കുന്ന തെരുവ് നായകള്‍ നാടിനൊരു ഭീഷണി തന്നെയാണ്. കാര്‍ഷിക മേഖലയില്‍ വന്യമൃഗ ഭീഷണി പോലെതന്നെ വലുതാണ് നാട്ടിലിറങ്ങുന്ന അപകടകാരികളായ തെരുവ് നായകള്‍. കാലത്ത് തന്നെ സ്‌കൂളിലേക്കും, കോളേജുകളിലേക്കും പോകുന്നവര്‍, ജോലിക്കിറങ്ങുന്നവര്‍, രാവിലത്തെ നടത്തത്തിനു പോകുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും അരക്ഷിതാവസ്ഥയിലാണ്. തെരുവ് നായകളെ പിടികൂടി വന്ധ്യംകരണം നടത്തി, സംരക്ഷിക്കുന്ന നടപടികളും ഫലപ്രദമാകുന്നില്ല എന്നാണ് അടിക്കടിയുണ്ടാവുന്ന തെരുവ് നായ ആക്രമണം വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന നിയമപരമായ പ്രശ്‌നം മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുകയും, ജനങ്ങളെയും, കൃഷിയെയും തകര്‍ക്കുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതുപോലുള്ള നടപടികള്‍ തെരുവ് നായ വിഷയത്തിലും കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണം.  പ്രാദേശിക ഭരണകൂടങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തികള്‍ കാര്യക്ഷമമായി നടക്കണം. ജനങ്ങള്‍ക്ക് നിര്‍ഭയമായി സഞ്ചരിക്കാനുള്ള സൗകര്യം ഉറപ്പുവരുത്താന്‍ നടപടികളുണ്ടാവണം.

തെരുവ് നായ ശല്യം പരിഹാരമുണ്ടാക്കണം

(എഡിറ്റോറിയല്‍)

 

Share

Leave a Reply

Your email address will not be published. Required fields are marked *