ആണവോര്‍ജ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് കേന്ദ്ര നീക്കം

ആണവോര്‍ജ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് കേന്ദ്ര നീക്കം

ദില്ലി: ആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിട്ട് നിയമ ഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍.അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് ഭേദഗതികള്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ – അമേരിക്ക വാണിജ്യ കരാറിലും ഇത് ഭാഗമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

രാജ്യത്തെ ഏറ്റവും കര്‍ശന നിയന്ത്രണമുള്ള മേഖലയായ ആണവോര്‍ജ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളില്‍ രണ്ട് നിര്‍ണായക ഭേദഗതികള്‍ വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങിയിരിക്കുന്നത്. 2010ലെ സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് നിയമത്തിലായിരിക്കും ആദ്യത്തെ ഭേദഗതി. ആണവനിലയങ്ങളില്‍ അപകടം ഉണ്ടായില്‍ നഷ്ടപരിഹാരം നല്‍കുന്നതിലടക്കം എല്ലാ ബാധ്യതയും നിലവില്‍ റിയാക്ടറുകള്‍ നല്‍കുന്ന കമ്പനികള്‍ക്കാണ്. ആണവ നിലയങ്ങളില്‍ അപകടം സംഭവിച്ചാല്‍ കമ്പനികള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തിന് പരിധി നിശ്ചയിക്കുന്നതാകും പുതിയ നിയമം.

ഇന്ത്യയിലെ ആണവ നിലയങ്ങളുടെ നടത്തിപ്പില്‍ സ്വകാര്യ കമ്പനികള്‍ക്ക് പങ്കാളിത്തം അനുവദിക്കുക എന്നതാണ് രണ്ടാമത്തെ ഭേദഗതിയുടെ ലക്ഷ്യം. നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് മാത്രമേ ആണവ നിലയങ്ങള്‍ നടത്താന്‍ അനുവാദമുള്ളൂ. ഇത് സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ആണവോര്‍ജ സ്ഥാപനങ്ങളില്‍ 50 ശതമാനത്തില്‍ താഴെ ഓഹരികള്‍ വാങ്ങാന്‍ വിദേശ അനുമതി നല്‍കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ചെറിയ ആണവ റിയാക്ടറുകള്‍ സ്ഥാപിച്ച് ആണവോര്‍ജ ഉത്പാദനം കൂട്ടാനുള്ള നയത്തിന്റെ ഭാഗം കൂടിയാണ് ഈ മാറ്റങ്ങള്‍.

ആണവോര്‍ജ മേഖലയിലെ വിദേശ നിക്ഷേപങ്ങള്‍ക്കുള്ള നിയമപരമായ തടസ്സങ്ങള്‍ പരിഹരിക്കാന്‍ ഈ ഭേദഗതിയിലൂടെ ആകും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനുപുറമേ ഇന്ത്യ അമേരിക്ക ആണവകരാറിന്റെ വാണിജ്യ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനും നിയമ ഭേദഗതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

 

ആണവോര്‍ജ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് കേന്ദ്ര നീക്കം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *