കെ.എഫ്.ജോര്‍ജ്
വില്യം ഷേക്‌സ്പിയറിന്റെ നാടകങ്ങള്‍ കോളേജില്‍ പഠിച്ച കാലം മുതല്‍ ഉള്ളിലുണര്‍ന്ന മോഹമായിരുന്നു ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഈ നാടക കൃത്തിന്റെ എയ്‌വണ്‍ നദിക്കരയിലുള്ള സ്ട്രാറ്റ്‌ഫോര്‍ഡ് അപോണ്‍ ഏവോണിലെ അദ്ദേഹത്തിന്റെ ജന്മഗൃഹം സന്ദര്‍ശിക്കണമെന്നത്. ബിര്‍മിംഗ്ഹാമിന് 22 മൈല്‍ തെക്കു കിഴക്കായി കിടക്കുന്ന കൊച്ചു നഗരമാണിത്
പുറത്ത് കാര്‍ നിര്‍ത്തി ടിക്കറ്റെടുത്ത് അകത്തു കടന്നു. വിശാലമായ തുറന്ന മൈതാനം. അവിടെ രാജാവിന്റെയും രാജ്ഞിയുടെയും ഭടന്മാരുടെയും കോമാളികളുടെയും മന്ത്രവാദികളുടെയുമെല്ലാം വേഷം ധരിച്ച ധാരാളമാളുകള്‍. എലിസബത്തന്‍ കാലഘട്ടത്തിലെ വേഷം ധരിച്ച, സുന്ദരിയായ ഒരു പെണ്‍കുട്ടി വളരെ പരിചയ ഭാവത്തില്‍ ഇംഗ്ലീഷില്‍ പ്രേമ വചസുകള്‍ ഉരുവിട്ടുകൊണ്ട് എന്റെ നേരെ വന്നു. എന്റെ അടുത്തെത്തിയിട്ടും അവള്‍ കവിത തുളുമ്പുന്ന സംഭാഷണം തുടര്‍ന്നു. അമ്പരപ്പുണ്ടായെങ്കിലും ഇത് എവിടെയോ വായിച്ചിട്ടുണ്ടല്ലോ എന്നു തോന്നി. പെട്ടെന്ന് തലയില്‍ വെളിച്ചം മിന്നി. ‘റോമിയോ ആന്റ് ജൂലിയറ്റ്’ നാടകത്തിലെ ജൂലിയറ്റിന്റെ പ്രണയ മൊഴികളാണ് ഈ പെണ്‍കുട്ടി ഉരുവിടുന്നത്. ഷേക്‌സ്പിയര്‍ കഥാപാത്രമായ ജൂലിയറ്റാണ് എന്റെ മുന്നില്‍ നില്‍ക്കുന്നത്. പകരം ഓര്‍മയിലുള്ള റോമിയോയുടെ ചില സംഭാഷണങ്ങള്‍ ഞാനും പറഞ്ഞു.
അവിടെ നില്‍ക്കുന്നവര്‍ മാക്ബത്തും, ഹാംലറ്റും, ഫാള്‍ സ്റ്റാഫും, ഡങ്കണ്‍ രാജാവും, ലേഡി മാക്ബത്തും, കിംങ് ലിയറുമെല്ലാമാണ്. എല്ലാവരും ഷേക്‌സ്പിയര്‍ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞു നില്‍ക്കുന്ന നാടക നടീ നടന്മാര്‍. പെട്ടെന്നു നമ്മള്‍ എലിസബത്തന്‍ കാലഘട്ടത്തിലെത്തും. അവര്‍ നമ്മുടെ കൂടെ ചായ കുടിക്കും, ചുറ്റിക്കറങ്ങാന്‍ കൂടെ വരും. അവരുടെ കൂടെ നിന്നു പടമെടുക്കാം. നാനൂറ്റമ്പതു വര്‍ഷം മുമ്പുള്ള ഷേക്‌സ്പിയര്‍ കാലഘട്ടത്തിന്റെ അനുഭവമാണ് ഈ നടീ നടന്മാര്‍ പെട്ടെന്ന് നമുക്ക് സമ്മാനിക്കുന്നത്.
1564 ഏപ്രില്‍ 23നാണ് ഷേക്‌സ്പിയര്‍ ജനിക്കുന്നത്. മറ്റൊരു ഏപ്രില്‍ 23ന് 1616ല്‍ അദ്ദേഹം മരിച്ചു അദ്ദേഹത്തിന്റെ 38 നാടകങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ ഇന്നും നമ്മള്‍ സമൃദ്ധമായി എഴുത്തിലും പ്രസംഗത്തിലും പ്രയോഗിക്കുന്നു. കൂടാതെ 154 ഗീതകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ദുരന്ത നാടകങ്ങളിലും ശുഭാന്ത നാടകങ്ങളിലും ചരിത്ര നാടകങ്ങളിലും ഒരുപോലെ ശോഭിച്ച അദ്ദേഹം നാടക കൃത്തുമാത്രമല്ല മികച്ച നടനുമായിരുന്നു. ലോക ചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായ അദ്ദേഹം ഇംഗ്ലണ്ടിന്റെ രാഷ്ട്ര കവിയെന്നും ‘ബാര്‍ഡ്’ എന്നും അറിയപ്പെടുന്നു.
വില്യമിനെ വിശുദ്ധ ത്രിത്വത്തിന്റെ പള്ളിയില്‍ 1564 ഏപ്രില്‍ 26ന് മാമോദീസ മുക്കിയതിന്റെ പള്ളി രജിസ്റ്ററിലെ പേജ് തുറന്നു വച്ചിരിക്കുന്നു. ഈ കുഞ്ഞ് ഏപ്രില്‍ 23ന് ജനിച്ചിരിക്കാമെന്നും ആ പേജില്‍ എഴുതിയിരിക്കുന്നു.
വില്യമിന്റെ പിതാവ് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി വിറ്റിരുന്നു. അതും ജീവന്‍ തുടിക്കുന്ന രീതിയില്‍ പുന:സൃഷ്ടിച്ചിരിക്കുന്നു. മറ്റു കുട്ടികളുമൊത്തുകഴിയുന്ന വില്യം, അദ്ദേഹത്തിന്റെ കുട്ടിക്കാലം, ഗ്രാമര്‍ സ്‌കൂളിലെ പാഠ പുസ്തകം, എഴുത്തുമുറി എല്ലാം കാണുമ്പോള്‍ നമ്മുടെ മനസ് നാലര നൂറ്റാണ്ട് പിന്നിലേക്ക് ഫ്‌ളാഷ് ബാക്കടിക്കും.
നമ്മുടെ നാട്ടില്‍ നാടക കൃത്തുക്കളെയോ കലാകാരന്മാരെയോ ഈ രീതിയില്‍ ബഹുമാനിക്കുകയോ അവതരിപ്പിക്കുകയോ ചെയ്താല്‍ എന്തുമാത്രം ഹൃദ്യവും വിജ്ഞാനപ്രദവുമായിരിക്കും. കുട്ടികള്‍ക്ക് ചരിത്രം മനസിലാക്കിക്കൊടുക്കാന്‍ ഇതിലും മികച്ച മാര്‍ഗം വേറെയില്ല.
ഷേക്‌സ്പിയറിന്റെ പേരിലുള്ള പേന, മെഡല്‍, എഴുത്തു തൂവല്‍, പുസ്തകം അങ്ങനെ ഒരുപാടു സാധനങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിവച്ചിരിക്കുന്നു.
18-ാം വയസ്സില്‍ വില്യം ഷേക്‌സ്പിയര്‍ ഇരുപത്തിയാറുകാരിയായ ആന്‍ ഹാതവോയെ വിവാഹം ചെയ്തു. വിവാഹ രേഖയും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഈ ദമ്പതികള്‍ക്ക് സൂസന്ന, ഹാംനെറ്റ്, ജൂഡിത്ത് എന്നീ മക്കളുമുണ്ടായി.
ലണ്ടനിലെ തെംസ് നദിക്കരയിലുള്ള ഗ്ലോബ് തിയേറ്ററിലാണ് ഷേക്‌സ്പിയര്‍ നാടകങ്ങള്‍ അന്ന് അരങ്ങേറിയത്. നാടകം രചിക്കുക മാത്രമല്ല, പലതിലും അദ്ദേഹം അഭിനയിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ ഇത്രയായിട്ടും ഷേക്‌സ്പിയര്‍ നാടകങ്ങളുടെ മാറ്റ് കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല, കൂടിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ഷേക്‌സ്പിയര്‍ നാടകങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ നാടകങ്ങളെ കേന്ദ്ര വിഷയമാക്കി എത്രയോ മഹത്തായ നോവലുകളും സിനിമകളും ഉണ്ടാകുന്നു.
ഷേക്‌സ്പിയര്‍ ഭവനത്തിനു തൊട്ടാണ് സുന്ദരിയായ എയ്‌വണ്‍ നദി ഒഴുകുന്നത്. നിറയെ വെള്ളമുള്ള നദിയിലൂടെ ചെറുപ്പക്കാര്‍ പാട്ടുപാടി ഉല്ലാസ നൗകയിലൂടെ നീങ്ങുന്നു. ധാരാളം അരയന്നങ്ങളേയും താറാവുകളെയും നദിയില്‍ കാണാം.
നദിക്കരയില്‍ സ്വാന്‍ തിയേറ്റര്‍. ഇവിടെ ഞാന്‍ സന്ദര്‍ശിച്ച അവസരത്തില്‍ ദിവസവും ഷേക്‌സ്പിയര്‍ നാടക അവതരണമുണ്ട്. ഏതാണ്ട് ഇരുപതിനായിരം രൂപയോളമാണ് ടിക്കറ്റ് നിരക്ക്.