എഡിറ്റോറിയല്‍
കളങ്കമില്ലാത്ത സ്നേഹത്തില്‍, ആത്യന്തികമായ മനുഷ്യ നന്മയില് താന്‍ വിശ്വസിക്കുന്നുവെന്ന് പ്രഖ്യാപിച്ച, സിനിമയെ ജീവിതമാക്കിയ, മലയാളം ലോക സിനിമയ്ക്ക് സംഭാവന ചെയ്ത മഹാപ്രതിഭ ഷാജി.എന്‍.കരുണിന് പ്രണാമം. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്ക്കാരവും, പത്മശ്രീയും, ഫ്രഞ്ച് സര്‍ക്കാരിന്റെ ബഹുമതിയും ആ ചലച്ചിത്ര പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര സിനിമാ മേഖലയില്‍ ഇരിപ്പിടം കണ്ടെത്തി. പിറവി, സ്വാപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, ഓള് എന്നീ സിനിമകളും ഹ്രസ്വ ചിത്രങ്ങളും അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറവിയെടുത്തതാണ്. മലയാളത്തിന്റെ അഭിമാന താരങ്ങളായ മോഹന്‍ലാലിനും, മമ്മുട്ടിക്കും കരിയറില്‍ വലിയ ഉയര്‍ച്ചയുണ്ടാക്കിയ സിനിമ പിറന്നു വീണത് ഷാജി.എന്‍.കരുണിലൂടെയാണ്. 1989ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ‘പിറവി’ എന്ന സിനിമയ്ക്ക് പ്രത്യേക പരാമര്‍ശം, അതേ വര്‍ഷം തന്നെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ പിറവിക്ക് അംഗീകാരം, 1989ല്‍ ലൊക്കാര്‍ണോ ഇന്റര്‍നാഷണല്‍ ഫില്ംഫെസ്റ്റിവലില് പിറവിക്ക് ഗ്രാന്റ് ജൂറി പുരസ്ക്കാരം, 1994ല്‍ സ്വം എന്ന ചിത്രത്തിന് കാന്‍ ഫിലിം ഫെസ്റ്റിവല്‍ പാം ഡി ഓര് നോമിനേഷന് ചിത്രം, 1999ല്‍ ഓര്‍ഡര്‍ ആര്‍ട്ട് ലെറ്റേഴ്സ ഫ്രഞ്ച് സര്‍ക്കാര്‍ പുരസ്ക്കാരം, 1999ല്‍ കാനില്‍ വാനപ്രസ്ഥത്തിന് പ്രത്യേക പ്രദര്‍ശനം ഉള്‍പ്പെടെ അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ലഭിച്ച ചലച്ചിത്ര പ്രവര്‍ത്തകനാണ് ഷാജി.എന്‍.കരുണ്‍. എ.കെ.ജി , അരവിന്ദന് എന്നിവരടക്കമുള്ളവരുടെ ഒട്ടേറെ ഡോക്യുമെന്ററികളും തയ്യാറാക്കിയിട്ടുണ്ട്.
അര നൂറ്റാണ്ടുകാലം സിനിമയെ ജീവവായുപോലെ സ്നേഹിച്ച വലിയ കലാകാരനാണ് കടന്നുപോയിരിക്കുന്നത്. സിനിമാ മേഖലയില്‍ നിരവധി പേരെ വളര്‍ത്തിക്കൊണ്ടുവരാനും അദ്ദേഹം പ്രത്യേക ശ്രദ്ധിച്ചു. മലയാള സിനിമ നിലനില്‍ക്കുന്ന കാലത്തോളം ഓര്‍മ്മിക്കപ്പെടുന്ന മഹത്തായ സിനിമകള്‍ കൈരളിക്ക് സമ്മാനിച്ചാണ് അദ്ദേഹം മടങ്ങുന്നത്. ഷാജി.എന്‍.കരുണിന് ആദരാജ്ഞലികള്‍.