നേരിന്റെ ചരിത്രകാരന് ആദരാജ്ഞലി(എഡിറ്റോറിയല്‍)

നേരിന്റെ ചരിത്രകാരന് ആദരാജ്ഞലി(എഡിറ്റോറിയല്‍)

ചരിത്രം കൃത്യമായി പഠിക്കുകയും നിഷ്പക്ഷമായി രേഖപ്പെടുത്തുകയും ചെയ്ത അതി പ്രഗത്ഭനായ ചരിത്രകാരന്‍ എംജിഎസ് നാരായണന് ആദരാജ്ഞലികള്‍.തെറ്റായ ചരിത്രഗതികള്‍ഉയര്‍ത്തിയവരെന്ന് അദ്ദേഹത്തിന് തോന്നിയവരോടൊക്കെ അദ്ദേഹം ചരിത്രത്തിന്റെ പിന്‍ബലത്തില്‍തന്നെ ഏറ്റുമുട്ടുകയും തന്റെ വാദഗതികള്‍ നര്‍ഭയം പ്രഖ്യാപിക്കുകയും ചെയ്തു. ചരിത്രത്തെ രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ വീക്ഷണകോണുകളിലൂടെ അവതരിപ്പിച്ചപ്പോള്‍ അതിനെതിരെ പോരാടാന്‍ ചങ്കൂറ്റം കാണിച്ച അപൂര്‍വം ചരിത്രകാരന്മാരിലൊരാളാണ് എംജിഎസ്. പല പ്രമുഖ ചരിത്രകാരന്മാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വാദഗതികള്‍ക്ക് പിറകെ പോയപ്പോള്‍ അദ്ദേഹം തന്റെ വഴികളിലൂടെയാണ് സഞ്ചരിച്ചത്. അത് തന്നെയാണ് ചരിത്രവീഥികളില്‍ ആ മഹാനായ ചരിത്രകാരനെ വ്യത്യസ്താക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളോട് ഒട്ടിനിന്നാല്‍ പല ഉന്നത പദവികളും ലഭിക്കുമായിരുന്നിട്ടും അദ്ദേഹം അതിനൊന്നും നിന്നിരുന്നില്ല എന്നുമാത്രമല്ല തന്റെ അഭിപ്രായം നിര്‍ഭയം അവതരിപ്പിക്കാനും മടികാണിച്ചിരുന്നില്ല. ഇന്ന് കേരളത്തിലെ പ്രമുഖരായ പല ചരിത്രകാരന്മാരുടെയും ഗുരുകൂടിയാണ് ഡോ.എംജിഎസ്. ചരിത്ര വിഷയങ്ങളില്‍ വലിയ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുമ്പോഴും അതൊന്നും വ്യക്തിപരമായ സൗഹൃദത്തില്‍ വരാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഇന്ത്യാ ചരിത്രത്തില്‍ ഫ്യൂഡലിസത്തിന്റെ പങ്കിനെക്കുറിച്ചുള്ള പഠനവും ദക്ഷിണേന്ത്യയിലെ സാമ്പത്തിക സാമൂഹിക ബന്ധങ്ങളെക്കുറിച്ച് കോര്‍ത്തിണക്കിയാണ് ഡോ.എംജിഎസിന്റെ സംഭാവനയെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ.കേശവന്‍ വെളുത്താട്ട് എഴുതുന്നുണ്ട്. ചരിത്രമെന്നാല്‍ രാഷ്ട്രീയ ചരിത്രം മാത്രമല്ല അതില്‍ സാമൂഹികവും സാമ്പത്തികവുമായ ചരിത്രം കൂടി ഉള്‍പ്പെടുമെന്ന് തെളിയിച്ച തെന്നിന്ത്യന്‍ ചരിത്രകാരനാണ് ഡോ.എംജിഎസ്. ഓരോകാലത്തും മനുഷ്യന്‍ എങ്ങിനെ ജീവിച്ചു എന്നതാണ് ആത്യന്തികമായി ചരിത്ര പഠനത്തിന് വിഷയമാകേണ്ടതെന്ന പൊളിച്ചെഴുതിയത് ഡോ.എംജിഎസായിരുന്നു. ഇളംകുളം കുഞ്ഞന്‍പിളളയടക്കമുള്ളവരുടെ ചരിത്ര രചനക്ക് അതിഭാവുകത്വമുണ്ടെന്ന നിലപാടായിരുന്നു എംജിഎസിന്.’പെരുമാള്‍സ് ഓഫ് കേരള’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം അതുവരെയുള്ള കേരള ചരിത്രത്തെപ്പറ്റിയുള്ള ബോധം തിരുത്തിക്കുറിച്ചു. എംജിഎസിന്റെ വിയോഗം തീരാനഷ്ടമാണ്്. എങ്കിലും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ചരിത്ര രചനാശൈലിയും, വിമര്‍ശന നിലപാടുകളും കേരള ചരിത്രത്തില്‍ മാറ്റത്തിന്റെ ദിശകളായി നിലകൊള്ളും. മഹാനായ ചരിത്രകാരന് പീപ്പിള്‍സ് റിവ്യൂവിന്റെ ആദരാജ്ഞലികള്‍.

 

 

നേരിന്റെ ചരിത്രകാരന് ആദരാജ്ഞലി(എഡിറ്റോറിയല്‍)

 

Share

Leave a Reply

Your email address will not be published. Required fields are marked *