രാഷ്ട്രപതിയുടെ മെഡല്‍ നേടിയ അധ്യാപകന്‍ വിവരം തേടി അലഞ്ഞത് മൂന്നാണ്ട്

രാഷ്ട്രപതിയുടെ മെഡല്‍ നേടിയ അധ്യാപകന്‍ വിവരം തേടി അലഞ്ഞത് മൂന്നാണ്ട്

വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും മികച്ച അധ്യാപകനുള്ള മൂന്ന് അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി വിരമിച്ച പ്രധാനാധ്യാപകന്‍ തന്റെ സര്‍വ്വീസ് ആനുകൂല്യങ്ങളുടെ വിവരം തേടി അലഞ്ഞത് മൂന്നു വര്‍ഷം. ഒടുവില്‍ വിവരാവകാശ കമ്മിഷണര്‍ ഇടപെട്ടപ്പോള്‍ മൂന്നാഴ്ചയ്കം വിവരങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ്.

രാഷ്ട്രപതിയുടെ മെഡല്‍ ജേതാവ് അഞ്ചേരി ഗവ. ഹൈസ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകന്‍ പി.ജെ. കുര്യനാണ് തന്റെ ഫിക്‌സേഷനില്‍ സംഭവിച്ച തെറ്റ് തിരുത്താന്‍ ആവശ്യമായ രേഖകള്‍ ലഭിക്കാതെ സ്‌കൂളിലും ഡിഇഒ യിലും ഡി ഡി ഇ യിലും എജീസ് ഓഫീസിലുമെല്ലാമായി മൂന്നു കൊല്ലം കയറിയിറങ്ങിയത്. സംസ്ഥാന വിവരാവകാശ കമ്മിഷ്ണര്‍ ഡോ. എ.അബ്ദുല്‍ ഹക്കീം ചാലക്കുടിയില്‍ നടത്തിയ ഹിയറിംഗില്‍ വകുപ്പിലെ ജീവനക്കാരന്‍ ബോധപൂര്‍വ്വം തന്റെ സര്‍വ്വീസ് ബുക്കില്‍ തെറ്റായ രേഖപ്പെടുത്തല്‍ നടത്തിയതാണെന്ന് കുര്യന്‍ പരാതിപ്പെട്ടു. ഇതോടെ തൃശൂര്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് ഉത്തരംമുട്ടി. തങ്ങളെ ശിക്ഷിക്കരുതെന്നും മൂന്നാഴ്ചയ്ക്കകം തെറ്റുകള്‍ തിരുത്തി വിവരങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കിക്കൊള്ളാമെന്നും അവര്‍ അറിയിച്ചത് കമ്മിഷന്‍ അംഗീകരിച്ച് ഉത്തരവായി.

കോടതികളിലെ എല്ലാ വിവരാവകാശ അപേക്ഷകളും ചട്ടം 12 പ്രകാരം തള്ളാന്‍ പറ്റില്ലെന്നും ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ ഒഴികെ എല്ലാ വിവരങ്ങളും നല്‍കണമെന്നും കമ്മിഷണര്‍ നിര്‍ദ്ദേശിച്ചു. ചട്ടം 12 പറഞ്ഞ് നിരന്തരം വിവരങ്ങള്‍ നിഷേധിച്ചു കൊണ്ടിരുന്ന വടക്കാന്‍ചേരി മുന്‍സിഫ് കോടതിയിലെ വിരമിച്ച ഉദ്യോഗസ്ഥന്‍ അജിത് കുമാറിനെ വിവരാവകാശനിയമം ചട്ടം 20 (1) പ്രകാരം ശിക്ഷിക്കാന്‍ തീരുമാനിച്ചു.
ഹിയറിംഗിന് വിളിച്ചിട്ടും ഹാജരാകാതിരുന്ന കാര്‍ഷിക സര്‍വ്വകലാശാലയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സമന്‍സയച്ച് വരുത്തും. അവര്‍ മേയ് ഏഴിന് രാവിലെ 11.30ന് തിരുവനന്തപുരത്ത് കമ്മിഷണറുടെ ചേംബറില്‍ ഹാജരാകണം. ആകെ പരിഗണിച്ച 15 കേസുകളില്‍ 14 എണ്ണം തീര്‍പ്പാക്കി.

 

 

 

രാഷ്ട്രപതിയുടെ മെഡല്‍ നേടിയ അധ്യാപകന്‍ വിവരം തേടി അലഞ്ഞത് മൂന്നാണ്ട്

 

Share

Leave a Reply

Your email address will not be published. Required fields are marked *