കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്കും രാമനാട്ടുകര എഡ്യൂക്കേഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന നോട്ട് പുസ്തക ചന്ത മെയ് 1-ാം തിയതി മുതല്‍ ആരംഭിക്കുമെന്ന് രാമനാട്ടുകര എഡ്യൂക്കേഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജി.നാരായണന്‍കുട്ടി മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നോട്ട് പുസ്തകങ്ങളുടെ അമിത വിലയില്‍ നിന്ന് പഠിതാക്കളെയും, രക്ഷിതാക്കളെയും സംരക്ഷിക്കലാണ് പുസ്തക ചന്തയുടെ ഉദ്ദേശമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമനാട്ടുകര എഡ്യുക്കേഷന്‍ സൊസൈറ്റി നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന നോട്ട് പുസ്തകങ്ങള്‍ 45% വിലക്കിഴിവിലാണ് ലഭ്യമാവുക. കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ്ഡാഫീസ്, ഫ്രാന്‍സിസ് റോഡ്, പയ്യാനക്കല്‍, ബേപ്പൂര്‍, കാലിക്കറ്റ് ലിങ്ക് റോഡ്, മെഡിക്കല്‍ കോളേജ്, കുളങ്ങര പീടിക എന്നിവിടങ്ങളിലെ ബ്രാഞ്ചുകള്‍ വഴിയും, കാലിക്കറ്റ് സിറ്റി എംപ്ലോയിസ് സൊസൈറ്റി, ഇന്ത്യന്‍ മാള്‍ മഞ്ചേരി, എം.വി.ആര് കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലും പുസ്തകം ലഭ്യമാവും. അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്താകെ നോട്ട് ബുക്കുകള്‍ വില്‍പ്പനക്കെത്തിക്കും. വാര്‍ത്താസമ്മേളനത്തില്‍ കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് എ.ജി.എം രാഗേഷ്.കെ, രാമനാട്ടുകര എഡ്യൂക്കേഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റ് പി.കെ.അസീസ്, കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ഡയറക്ടര്‍ അബ്ദുല്‍ അസീസ് എന്നിവരും സംബന്ധിച്ചു.