യുദ്ധം കൊണ്ടും വംശീയതകൊണ്ടും പ്രക്ഷുബ്ദമായ ഈ കാലത്ത് ലോകത്തിന്റെ നെറുകയില്‍ സമാധാനത്തിന്റെയും ശാന്തിയുടെയും സൂര്യതേജസായി വെളിച്ചം പകര്‍ന്ന വലിയ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങിയിരിക്കുന്നു. അവസാന നിമിഷങ്ങളിലും അദ്ദേഹം ദുരിതമനുഭവിക്കുന്നവരുടെ ശാന്തിക്കായി പ്രാര്‍ഥിച്ചു. വാക്കുകള്‍ക്കതീതമാണ് അങ്ങയുടെ വേര്‍പാട് സൃഷ്ടിച്ച വേദന എന്ന് കുറിക്കുകയാണ്. മനസില്‍ ഏറ്റവും നിറഞ്ഞ് പ്രതിഷ്ഠ അങ്ങയുടെ തിരുരൂപം ഇനിഞങ്ങളുടെ കണ്‍മുന്നിലില്ലെങ്കിലും അങ്ങ് ഉയര്‍ത്തിപ്പിടിച്ച മാനവികതയുടെ തേജസ് ഞങ്ങള്‍ കെടാതെ സൂക്ഷിക്കും. എന്നും മര്‍ദ്ദിത വിഭാഗങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയ പാപ്പ ക്രിസ്തുവിന്റെ യഥാര്‍ത്ഥവഴിയിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു. ജീവിതം മനുഷ്യര്‍ക്ക് തീര്‍ത്ഥാടനമാണ്. ആവഴി താരമഹത്തുക്കള്‍ക്കെന്നും വേദനിക്കുന്നവരുടെ പ്രയാസങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്ന യാത്രതന്നെയാണ്.
ലോകത്തെല്ലായിടത്തുമുള്ള മനുഷ്യരുടെ പ്രത്യാശയുടെ മുഖമായിരുന്നു അങ്ങയുടേത്. പ്രത്യാശയുടെ സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കാന്‍ അങ്ങയുടെ ജീവിതം വഴികാട്ടിയായി. ഗസയിലും യുക്രൈനിലും നടക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ അങ്ങ് ആഹ്വാനം ചെയ്തു. യാതൊരു തെറ്റു ചെയ്യാത്ത നിരാലംബരായ മനുഷ്യരെ യുദ്ധകൊതിയന്മാരും മനുഷ്യവിരുദ്ധരുമായ ഭരണാധികാരികള്‍ കൊന്നൊടുക്കുമ്പോള്‍ അങ്ങുയര്‍ത്തിയ പ്രതിരോധ കവചം സമാധാനത്തിന്റെ വെള്ളരിപ്രാവായി അന്തരീക്ഷത്തിലൂടെ പാറിനടന്നു. ആ സന്ദേശമേറ്റുപാടി യുദ്ധം നിര്‍ത്താന്‍ ലോകമെങ്ങുമുള്ള മനുഷ്യര്‍ ഏറ്റുപറഞ്ഞു. മനുഷ്യജീവിതം സമൂഹത്തിന്റെ നന്മയുടെ അടയാളപ്പെടുത്തലാണെന്ന് അങ്ങ് ഞങ്ങളെ പഠിപ്പിക്കാനും സ്വ ജീവിതം കൊണ്ട് അങ്ങത് പ്രാവര്‍ത്തികമാക്കി. മാനവകുലത്തിന്റെ ചരിത്രത്തില്‍ അങ്ങയുടെവാക്ക് ശോഭിച്ചുകൊണ്ടേയിരിക്കും. ദരിദ്ര വിഭാഗത്തിന്റെ ശബ്ദത്തിനായി അങ്ങ് കാതോര്‍ത്തു. അവര്‍ക്ക് അലിവിന്റെ തേന്‍ കണം അങ്ങ് പകര്‍ന്നു നല്‍കി.
യഥാര്‍ഥ ദൈവവഴി ഇതാണെന്ന് അങ്ങ് സാക്ഷ്യപ്പെടുത്തി. കാലവും ലോകവും ഇനിയും മുന്നോട്ട് പോകും യുദ്ധങ്ങളും ക്രൂരതകളും ഇനിയും ഉണ്ടാവാം. ഉണ്ടാവാതിരിക്കട്ടെ എന്ന് കരുതാം. പക്ഷേ ലോകത്ത് അക്രമത്തിന്റെ പടച്ചട്ട ധരിച്ചവര്‍ ലോകമുണ്ടായകാലം തൊട്ടുണ്ടായിട്ടുണ്ടെന്നാണ് ഗ്രന്ഥങ്ങള്‍ പറയുന്നത്. പരിഷ്‌കൃത സമൂഹത്തിലും ഇതെല്ലാം ആവര്‍ത്തിക്കപ്പെടുന്നത് വേദനാജനകമാണ്. എങ്കിലും അവിടെയെല്ലാം കാരുണ്യത്തിന്റെ പ്രത്യാശയുടെ പൊന്‍പ്രഭ ചൊരിഞ്ഞ അങ്ങയുടെ തിരുമുഖം ഞങ്ങളെന്നും ഓര്‍ക്കും. അങ്ങയുടെ സമാധാന സന്ദേശങ്ങള്‍ മര്‍ദ്ദിതരോടും ദരിദ്രരോടുമുള്ള അഗാധമായ പ്രതിബദ്ധത ഞങ്ങളുടെ വഴിതാരകളില്‍ വഴിവിളക്കുകളാകും. പ്രിയപാപ്പ, ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞങ്ങള്‍ വിടചൊല്ലുകയാണ് വിട ഫ്രാന്‍സിസ് പാപ്പ.