കോഴിക്കോട്: ഒന്‍പത് വര്‍ഷത്തെ പിണറായി വിജയന്റെ ഭരണവും വര്‍ഷങ്ങളായുള്ള കോര്‍പ്പറേഷന്‍ ഭരണവും സി പി എം കോഴിക്കോടിനെ അഴിമതി നടത്താനുള്ള ഹബ്ബാക്കി മാറ്റിയെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടാനുകോടി വിലമതിക്കുന്ന നല്ലളത്തെ സ്റ്റീല്‍ കോംപ്ലക്‌സ് തുച്ഛമായ വിലയ്ക്കാണ് ഛത്തീസ്ഗഡ്ഡിലെ കടലാസ് കമ്പനിക്ക് വില്‍പ്പന നടത്തിയത്. നാണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ നടക്കുന്ന കേസില്‍ കമ്പനിക്കനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഇതില്‍ തട്ടിപ്പ് നടത്തിയ സി പി എംമ നേതാക്കളേയും ഭരണത്തിലെ ഉന്നതരേയും സംരക്ഷിക്കാനാണ്. ഈ ഭൂമി ഏറ്റെടുക്കാന്‍ കമ്പനി വന്നാല്‍ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് സംഘടിപ്പിക്കും. കോംട്രസ്റ്റിന്റെ സര്‍ക്കാര്‍ ഏറ്റെടുത്ത 3.84 ഏക്കര്‍ ഭൂമിയില്‍ 1.26 ഏക്കര്‍ മാത്രമാണ് ഇപ്പോള്‍ കോംട്രസ്റ്റിന്റെ കൈവശമുള്ളൂ. 45 സെന്റ് സ്ഥലം കോഴിക്കോട് നിന്നുള്ള മന്ത്രിയുടെ പിതാവ് പ്രസിഡന്റായ ഒരു കടലാസ് സൊസൈറ്റിക്ക് വില്‍പ്പന നടത്തിയിരിക്കുകയാണ്. ഇതില്‍ 26 സെന്റ് സ്ഥലം മുന്‍ സി പി എം എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സ്ഥാപനം വാങ്ങി. മറ്റൊരു മുതലാളിയുടെ കൈയില്‍ 50 സെന്റും സി പി എമ്മിന്റെ ഒത്താശയോടുകൂടി ചില മുതലാളിമാര്‍ ഉണ്ടാക്കിയ കമ്പനി 1ഏക്കര്‍ 63 സെന്റും കൈക്കലാക്കിയിരിക്കുകയാണ്. കോഴിക്കോട്ടെ കണ്ണായ സ്ഥലത്തെ 2 ഏക്കര്‍ 58 സെന്റ് സ്ഥലമാണ് അന്യായമായി ഇവര്‍ കൈവശപ്പെടുത്തിയിട്ടുള്ളത്.
കോംട്രസ്റ്റ് കമ്പനിയുടെ ഭൂമി കച്ചവടത്തെക്കുറിച്ച് സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ ഭൂമി തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടും. നാല്‍പ്പതിനായിരത്തിലധികം അനധികൃത കെട്ടിടങ്ങളാണ് കോര്‍പ്പറേഷന്റെ പരിധിയിലുള്ളത്. 19 കോടി രൂപ മുടക്കിയാണ് കോര്‍പ്പറേഷന്‍ ഓഫീസ് നവീകരണം നടത്തിയത്. ഇത് പരസ്യകൊള്ളയ്ക്ക് സമാനമാണ്. ലക്ഷക്കണക്കിന് രൂപ ചെലവാക്കി നവീകരിച്ച ടൗണ്‍ഹാള്‍ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ചോര്‍ന്നൊലിച്ചു. നഗരത്തിലെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ സി പി എം ജില്ലാ നേതാവിന്റെ കമ്പനിക്കാണ്. സി പിഎമ്മിലെ കച്ചവട സംഘവും, ജില്ലയില്‍ നിന്നുള്ള സി പി എമ്മിന്റെ മന്ത്രിയും ചേര്‍ന്നുകൊണ്ട് പൊതു സമ്പത്ത് കൊള്ളയടിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുടെ സ്വത്ത് വെളിപ്പെടുത്താന്‍ പാര്‍ട്ടി തയ്യാറാണ്. അതുപോലെ സി പി എം നേതാക്കളുടെ സ്വത്ത് വിവരം വെളിപ്പെടുത്താന്‍ തയ്യാറുണ്ടോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.എം.രാജന്‍, ഡിസിസി ജന.സെക്രട്ടറി ചോലയ്ക്കല്‍ രാജേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
സി പി എം കോഴിക്കോടിനെ അഴിമതി നടത്താനുള്ള
ഹബ്ബാക്കി മാറ്റി; അഡ്വ.കെ.പ്രവീണ്‍കുമാര്‍