കോഴിക്കോട്: ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷനും ചേര്‍ന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്‌മെന്റ് സഹകരണത്തോടെ നടപ്പിലാക്കിയ ഹരിത ഭവനം പദ്ധതിക്ക് ഫലശ്രുതിയായി വിജയാരവം ശില്പശാല. ശുചിത്വമിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ശില്പശാല മാര്‍ച്ച് 28ന് രാവിലെ 9.30 ന് കോഴിക്കോട് കൈരളി ശ്രീ ഓഡിറ്റോറിയത്തില്‍ നടക്കും. വീടുകളെയും വിദ്യാലയങ്ങളെയും മാലിന്യമുക്തമാക്കുക, ഊര്‍ജ്ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളില്‍ സ്വയം പര്യാപ്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2024 ജൂലൈ മാസത്തില്‍ ആരംഭിച്ച ഹരിത ഭവനത്തിന് വലിയ വിജയ കഥയാണ് പറയാനുള്ളത്. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ മാലിന്യ നിര്‍മാര്‍ജനത്തിന്റെയും ഹരിത ഭവനത്തിന്റെയും സന്ദേശങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു. 12,345 വിദ്യാര്‍ഥികളാണ് വീടുകളില്‍ മൂന്ന് പെട്ടികള്‍ വെച്ച് മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിന്റെ ഫോട്ടോ ഹരിത ഭവനത്തിന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തത് എങ്കിലും പദ്ധതിയില്‍ പങ്കാളികളായവര്‍ ഇതിലും എത്രയോ മടങ്ങാണ്. ഫോട്ടോ അപ്ലോഡ് ചെയ്യാനുള്ള വിമുഖതയാണ് പല വിദ്യാര്‍ത്ഥികളും കാണിച്ചത്. വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ച് ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ശില്പശാലകളും ഉപജില്ലകള്‍ കേന്ദ്രീകരിച്ച് പ്രൈമറി അധ്യാപകര്‍ക്കുള്ള ശില്പശാലകളും നടത്തിയാണ് ഹരിത ഭവനത്തിന്റെ സന്ദേശം വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും എത്തിച്ചത്. ശില്പശാലകളില്‍ പരിശീലനം ലഭിച്ച അധ്യാപകര്‍ സ്‌കൂളുകളില്‍ എത്തി മറ്റ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കുകയായിരുന്നു. ഇതിനുപുറമേ വിദ്യാര്‍ത്ഥികള്‍ ഹരിത ഭവനം പദ്ധതി വിശദീകരിച്ചു കൊണ്ടും പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടും ഉള്ള പ്രമോഷന്‍ വീഡിയോകളും തയ്യാറാക്കി പ്രചരിപ്പിച്ചു. ആയിരം ഹരിതഭവനങ്ങളുടെ പ്രഖ്യാപനം കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കലക്ടറും പതിനായിരം ഹരിത ഭവനങ്ങളുടെ പ്രഖ്യാപനം കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലിന്റോ ജോസഫ് എംഎല്‍എയും നിര്‍വഹിച്ചിരുന്നു. മികച്ച രീതിയില്‍ ഹരിത ഭവനം തീര്‍ത്ത വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വം നല്‍കിയ അധ്യാപകരും ആണ് വിജയാരവം ശില്‍പ്പശാലയില്‍ ഒത്തുചേരുന്നത്. ജില്ലയിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും.ശില്പശാലയില്‍ ഹരിത നിയമങ്ങളെ കുറിച്ചുള്ള അവബോധം നല്‍കും. ഇതിനുപുറമേ അനുഭവസാക്ഷ്യം, ഹരിത കവിത, ഹരിത മുദ്രാവാക്യം, ഹരിതഗാനം, ഹരിത നൃത്തം എന്നിവയും ഉണ്ടാകും. പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ശില്പശാലയില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അതിഥിയാകും. ശില്പശാലക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍, സെക്രട്ടറി സെഡ് എ സല്‍മാന്‍ എന്നിവര്‍ അറിയിച്ചു.