കോഴിക്കോട്: ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ എയിഡഡ് വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ നിയമനങ്ങള്‍ വര്‍ഷങ്ങളായി തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടി തിരുത്താന്‍ സുപ്രിം കോടതി ഉത്തരവിട്ടിട്ടും അത് എന്‍എസ്എസിന് മാത്രമാക്കി പരിമിതപെടുത്തിയ സര്‍ക്കാര്‍ നടപടി ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധമാണെന്ന് കേരള എയ്ഡഡ് ടീച്ചേഴ്‌സ് കളക്ടീവ് സംസ്ഥാന പ്രസിഡന്റ് ബിന്‍സി എക്കട്ടൂരും, ഹനാന കെകെയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നീതി നിഷേധത്തിനെതിരെ സെക്രട്ടേറിയറ്റിന് മുന്‍പില്‍ അനിശ്ചിത കാല ധര്‍ണാസമരം സംഘടിപ്പിക്കും. സംസ്ഥാനത്തിയ പതിനാറായിരത്തോളം അധ്യാപകരെ അവഹേളിക്കുന്നതും സുപ്രിംകോടതി ഉത്തരവിന്റെ ലംഘനവുമാണ് സര്‍ക്കാര്‍ നടപടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൊതു ഉത്തരവ് ഇറക്കാന്‍ തയാറാകണം. ഒരേ ജോലി ചെയ്യുന്നവരെ രണ്ട് തരക്കാരായി പരിഗണിക്കുന്ന രീതി അധ്യാപകരുടെ ആത്മവിശ്വാസത്തെ തകര്‍ക്കും. നിത്യജീവിതം പുലര്‍ത്താന്‍ അധ്യാപകര്‍ മറ്റ് ജോലിക്ക് പോകേണ്ട സാഹചര്യമാണുള്ളതെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളത്തില്‍ ഇര്‍ഷാദ് മുഹമ്മദ്, ജെദീര്‍ പിഎ എന്നിവരും പങ്കെടുത്തു.