പിടി നിസാര്‍
കാള്‍ മാര്‍ക്‌സ് വിടപറഞ്ഞിട്ട് 142 വര്‍ഷം
ചൂഷണ രഹിതമായ ഒരു ലോകമെന്ന ദര്‍ശനം മാനവരാശിക്ക് പകര്‍ന്നുതന്ന മാര്‍ക്‌സ് മരണപെട്ടിട്ട് ഇന്നേക്ക് 142 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. തന്റെ ജീവിതത്തിലെ നീണ്ട 40 വര്‍ഷത്തെ പഠനത്തിനൊടുവിലാണ് മാര്‍ക്‌സ് തൊഴിലാളി വര്‍ഗത്തിന്റെ ബൈബിളായ ദാസ്‌ക്യാപിറ്റല്‍ രചിക്കുന്നത്. മാര്‍ക്‌സിസമെന്ന ശാസ്ത്രീയ ദര്‍ശനം ലോകത്തിന് മുന്‍പിലേക്ക് അവതരിപ്പിച്ചപ്പോള്‍ ആ വിശ്വ വിപ്ലവകാരിക്ക് തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന യാതനകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്.
മാര്‍കിസിസ്റ്റാശയങ്ങളില്‍ വിറളിപൂണ്ട ഭരണകൂടങ്ങള്‍ അദ്ദേഹത്തെ തന്റെ രാജ്യമായ ജര്‍മനിയില്‍ നിന്ന് നാടുകടത്തുകവരെയുണ്ടായി. ഗഹനമായ പഠനത്തിന് സ്വ ജീവിതം സമര്‍പ്പിക്കേണ്ടി വന്നപ്പോള്‍ കുടുംബത്തിന്റെ നിത്യജീവിതത്തിന് പോലും വരുമാനം കണ്ടെത്താനായില്ല. ദാരിദ്രം കുമിഞ്ഞ് കൂടിയപ്പോള്‍ പട്ടിണിമൂലം അദ്ദേഹത്തിന്റെ പ്രിയ പുത്രന്‍ മൂഷ് മരണമടയുന്നതും ചരിത്രമാണ്. മാര്‍ക്‌സ് കണ്ടെത്തിയ ദര്‍ശനം സമകാലിക ലോകത്ത് ഇന്നും പ്രസക്തമാണ്. ചരിത്രത്തെ ശാസിത്രീയമായി അപഗ്രഥിച്ച മാര്‍ക്‌സ് നാളിതുവരെയുള്ള ചരിത്രം വര്‍ഗസമരത്തിന്റെതാണെന്ന് രേഖപ്പെടുത്തുന്നു. പ്രാകൃത കമ്മ്യൂണിസത്തില്‍നിന്ന് അടിമത്വത്തിലേക്കും അടിമത്വത്തില്‍നിന്ന് ഫ്യൂഡലിസത്തിലേക്കും ഫ്യുഡലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്കും മുതലാളിത്വത്തില്‍ നിന്ന് സോഷ്യലിസത്തിലേക്കും സോഷ്യലിസത്തില്‍ നിന്ന് കമ്മ്യൂണിസത്തിലേക്കും വര്‍ഗ സമരത്തിലൂടെ മാനവരാശി എത്തിച്ചേരുമെന്നാണ് അദ്ദേഹം സ്ഥാപിച്ചത്. മനുഷ്യ സമൂഹത്തിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഉല്‍പാദന ഉപാധികള്‍ കൈവശമുള്ളവരും, അധ്വാനം വിറ്റ് ജീവിക്കുന്നവരും തമ്മിലുള്ള വര്‍ഗ സമരം നടക്കുന്നുണ്ട്.
ഇന്നും അത് തുടരുകയാണ്. അധ്വാനിക്കുന്നവരെ ചൂഷണം ചെയ്താണ് മുതലാളിത്തവും അതിന്റെ ഉയര്‍ന്ന രൂപമായ സാമ്രാജ്യത്വവും നിലനില്‍ക്കുന്നതെന്ന് മാര്‍ക്‌സിയന്‍ ദര്‍ശനം യാഥാര്‍ഥ്യമാണെന്ന് ഇന്നത്തെ ലോക സാഹചര്യം പരിശോധിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാകും. വര്‍ത്തമാനകാലത്ത് ഭൂമിയും,കടലും ആകാശവും സാമ്രാജ്യത്വ പിന്തുണയുള്ള ഭീമന്‍ കോര്‍പറേറ്റുകളുടെ കൈകളിലാണുള്ളത്. ബഹിരാകാശ മേഖലയിലടക്കം കോര്‍പറേറ്റുകള്‍ കൈയടക്കുകയാണ്. യുഎസ്എസ്ആര്‍ അടക്കമുള്ള സോഷ്യലിസ്റ്റ് ചേരികളുടെ തകര്‍ച്ചയോടെ ലോകസമാധാനത്തിന് തന്നെ ഭീഷണിയുയര്‍ത്തി അമേരിക്കന്‍ സാമ്രാജ്യത്വം മുന്നോട്ടുപോകുകയാണ്.
എതിര്‍ക്കുന്ന രാജ്യങ്ങളെ ഉപരോധമേര്‍പ്പെടുത്തിയും, സൈനിക ശക്തി ഉപയോഗിച്ചും സാമ്രാജ്യത്വം കീഴിപെടുത്തുകയാണ്. ആഗോള ഭീമന്‍മാരായ കോര്‍പറേറ്റുകള്‍ തൊഴിലാളികളുടെ കഴിവുകള്‍ ചൂഷണം ചെയ്ത് ഏകപക്ഷീയമായി അവരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതും തുടര്‍ക്കഥയാവുകയാണ്.ഇന്ത്യയിലും കോര്‍പറേറ്റുകള്‍ ആധിപത്യം തുടരുകയാണ്. കാര്‍ഷിക വ്യാവസായിക-ആരോഗ്യ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തിന്റെ അഭിമാനകരമായ നവരത്‌ന കമ്പനികളെയടക്കം സ്വന്തമാക്കാന്‍ കോര്‍പറേറ്റുകള്‍ ശ്രമിക്കുകയാണ്. 140 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയില്‍ കേവലം 10% എന്നുപറഞ്ഞാല്‍ 14 കോടി ജനങ്ങള്‍ മാത്രമാണ് മികച്ച ജീവിത സാഹചര്യത്തില്‍ ജീവിക്കുന്നത്. 100 കോടിയിലധികം വരുന്ന ഇന്ത്യക്കാര്‍ കഷ്ടിച്ചുള്ള ജീവിത ചെലവ് കഴിഞ്ഞാല്‍ 100രൂപപോലും മറ്റാവശ്യങ്ങള്‍ക്ക് മാറ്റവയ്ക്കാന്‍ ശേഷിയില്ലാത്തവരാണ്. ഇതിനിടയില്‍ ജാതിയുടെയും മതത്തിന്റെയും ആരാധനാലയങ്ങളുടെയും പേരില്‍ ഒന്നിച്ച് നില്‍ക്കേണ്ട ജനങ്ങളെ ഭിന്നിപ്പിക്കാനും മുതലാളിത്ത ശക്തികള്‍ വര്‍ഗീയത ആളിക്കത്തിക്കത്തിക്കുകയാണ്.
അതാണ് മാര്‍ക്‌സ് വിഭാവനം ചെയ്തത്. ഇതിനദ്ദേഹം സ്വജീവിതത്തില്‍ നല്‍കേണ്ടിവന്ന കനത്ത വില കമ്മ്യൂണിസ്റ്റുകാര്‍ ഒരിക്കലും മറന്നുപോകരുത്. ലോകത്ത് മതങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും തത്വശാസ്ത്രങ്ങള്‍ക്കും, ദര്‍ശനങ്ങള്‍ക്കും മാനവ സമൂഹത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കാത്തിടത്താണ് മാര്‍ക്‌സ് ദാര്‍ശനികവും പ്രായോഗികവുമായ കമ്മ്യൂണിസമെന്ന തത്വശാസ്ത്രം ലോകത്തിന് നല്‍കിയത്. മനുഷ്യന്‍ മനുഷ്യന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കുന്ന സമത്വ സുന്ദരമായ കാലമാണ് കമ്യൂണിസം. ചൂഷണവും, ചൂഷകരും ഉള്ളകാലത്തോളം മര്‍ദിതന്റെ ചെറുത്തുനില്‍പ് തുടരുകതന്നെ ചെയ്യും .ആചെറുത്തു നില്‍പിന്റെ കൊടിയടയാളമായി മാര്‍ക്‌സിസം വാനിലുയര്‍ത്തപ്പെടും.