മുഖ്യമന്ത്രി-കേന്ദ്ര ധനമന്ത്രി  കൂടിക്കാഴ്ച  പ്രതീക്ഷാ നിര്‍ഭരം

മുഖ്യമന്ത്രി-കേന്ദ്ര ധനമന്ത്രി കൂടിക്കാഴ്ച പ്രതീക്ഷാ നിര്‍ഭരം

മുഖ്യമന്ത്രി-കേന്ദ്ര ധനമന്ത്രി കൂടിക്കാഴ്ച പ്രതീക്ഷാ നിര്‍ഭരം

 

സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനും നടത്തിയ കൂടിക്കാഴ്ച സംസ്ഥാനം പ്രതീക്ഷകളോടെയാണ് കാണുന്നത്. സംസ്ഥാനം നിരവധി വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളാണ് മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്കു മുന്‍പാകെ ഉന്നയിച്ചത്. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിന് പരിഹാരമുണ്ടാകാന്‍ അടിയന്തിരമായി വേണ്ടത് കടമെടുപ്പ് പരിധി വര്‍ധിപ്പിക്കലാണ്. ഇക്കാര്യത്തില്‍ പരിശോധിച്ച് തീരുമാനമറിയിക്കാമെന്നാണ് കേന്ദ്ര ധനമന്ത്രി അറിയിച്ചിട്ടുള്ളത്. മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് കേന്ദ്രം അനുവദിച്ച വായപാ തുകയായ 529 കോടിയുടെ വിനിയോഗ കാലാവധി നീട്ടുക, സംസ്ഥാനം സമര്‍പ്പിച്ച 2000കോടി രൂപയുടെ മുണ്ടക്കൈ പുനരധിവാസ പാക്കേജ് അംഗീകരിക്കുക, അതിവേഗ റെയില്‍വേക്ക് അംഗീകാരം നല്‍കുക, വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര സഹായം നല്‍കുക, ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാതിക്ക് പരിഹാരം കാണുക എന്നിവയാണ് ചര്‍ച്ചയിലൂടെ കേരളം ആവശ്യപ്പെട്ട പ്രധാന കാര്യങ്ങള്‍.
കേരളം ദീര്‍ഘനാളായി ആവശ്യപ്പെട്ട് വരുന്ന എയിംസും ചര്‍ച്ചയില്‍ ഉള്‍പെട്ടിട്ടുണ്ട്.

 

സംസ്ഥാനത്തിന്റെ വികസനത്തിന് രാഷ്ട്രീയം വിലങ്ങുതടിയാവരുതെന്ന ആവശ്യം പലകോണുകളില്‍ നിന്നായി ഉയര്‍ന്നുവരുന്നുണ്ട്. കേരളത്തിന് അര്‍ഹതപെട്ടത് പോലും നല്‍കുന്നില്ലെന്ന കാര്യത്തില്‍ സംസ്ഥാനം സുപ്രീം കോടതിയിലുമെത്തിയിരുന്നു. കേന്ദ്രവും കേരളവും ആരോഗ്യകരമായ ഒരു ബന്ധത്തിലൂടെ മുന്നോട്ടുപോയാല്‍ അത് കേരളത്തിന് വലിയ നേട്ടങ്ങളുണ്ടാക്കും. ധനകാര്യത്തില്‍ പുതിയ ചുവടുവയ്പാണ് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും കൂടിക്കാഴ്ചയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കേരളം ഉന്നയിക്കുന്ന വിഷയങ്ങളെല്ലാം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും, മുണ്ടക്കൈ ചൂരല്‍മല പാക്കേജ് പ്രധാനമന്ത്രിയുമായി സംസാരിച്ച് തീരുമാനമറിയിക്കാമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേരളം വികസിക്കണമെന്നത് ദീര്‍ഘനാളത്തെ ആവശ്യമാണ്. പാലക്കാട് കേന്ദ്ര സര്‍ക്കാര്‍ പാലക്കാട് പ്രഖ്യാപിച്ച ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട് സിറ്റി വലിയ മുന്നേറ്റമുണ്ടാക്കും. കേരളത്തിലെ യുവജനങ്ങള്‍ ഉന്നത വിദ്യഭ്യാസത്തിനും ജോലിക്കും വിദേശ നാടുകളെ ആശ്രയിക്കുന്ന അവസ്ഥകള്‍ക്ക് മാറ്റമുണ്ടാകണം. അതിന് കേരളം വ്യവസായവും, ടൂറിസവും, കാര്‍ഷിക മേഖലയും പുഷ്ടിപ്പെടണം. ഈ ദിശയിലുള്ള വികസന ചുവടുവയ്പായി മുഖ്യമന്ത്രിയുടെയും കേന്ദ്ര ധനമന്ത്രിയുടെയും കൂടിക്കാഴ്ച പരിണമിക്കട്ടെ കേരളം കൂടുതല്‍ ഉയരങ്ങളിലെത്തട്ടെ.

Share

Leave a Reply

Your email address will not be published. Required fields are marked *