പ്രാദേശിക വികസനത്തിനും തൊഴില്‍ സൃഷ്ടിക്കും ഉതകുന്ന ബാങ്കിംഗ് നയങ്ങള്‍ ഉണ്ടാകണം
കോഴിക്കോട്: പ്രാദേശിക വികസനത്തിനും തൊഴില്‍ സൃഷ്ടിക്കും ഉതകുന്ന ബാങ്കിംഗ് നയങ്ങള്‍ ഉണ്ടാകണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കേരള കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബാങ്ക് ദേശസാല്‍ക്കരണ ലക്ഷ്യങ്ങളായ പ്രാദേശിക വികസനത്തിനും തൊഴില്‍ സൃഷ്ടിക്കും ഉതകുന്ന നയങ്ങളും പരിപാടികളും ബാങ്കിംഗ് മേഖലയില്‍ ഉണ്ടാവണം.ചെറുകിട ഇടത്തരം മേഖലകളുടെ ശോഷണം ദേശീയ സാമ്പത്തിക വളര്‍ച്ചയുടെ പിന്നോട്ട് അടിക്ക് കാരണമായിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ദേശീയ സാമ്പത്തിക വിശകലന രേഖ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇക്കാര്യത്തില്‍ മാറ്റമുണ്ടാക്കാന്‍ സവിശേഷമായ ഇടപെടല്‍ സാധ്യമാക്കുന്നതാണ് രാജ്യത്തെ ശൃംഖലാ ബന്ധിതമായ ബാങ്കിംഗ് സംവിധാനം.
ഇതിനായി ജനകീയ ബാങ്കിംഗ് നയങ്ങളും പരിപാടികളും വിപുലപ്പെടുത്തണം. ദേശീയ വൈസ് പ്രസിഡന്റ് കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പെന്‍ഷന്‍ രീതിയില്‍ അംഗപരിമതരായ കുടുംബങ്ങള്‍ക്ക് ഫാമിലി പെന്‍ഷന്‍ അര്‍ഹതയുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി. ബാലഗോപാലാമേനോന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വകാര്യവല്‍ക്കരണം, കരാര്‍വല്‍ക്കരണം ഇവ അപകടകരമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി സി.വേണുഗോപാലന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വി എസ് വെങ്കട്ടരമണി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് മാര്‍സിലിന്‍, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി എ. രാഘവന്‍, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറിമാരായ സേതുമാധവന്‍ നായര്‍, കെ. വി. കോമളവല്ലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ആധുനിക തമിഴ് സാഹിത്യ പ്രോത്സാഹന പുരസ്‌കാരം ലഭിച്ച കെ എസ് വെങ്കിടാ ചലത്തെ യോഗത്തില്‍ ആദരിച്ചു. ബാങ്കിംഗ് മേഖലയിലെ പെന്‍ഷന്‍ പരിഷ്‌കരണം ത്വരിതപ്പെടുത്തുക, ആരോഗ്യ ഇന്‍ഷുറന്‍സ് ചെലവുകള്‍ ബാങ്കുകള്‍ വഹിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു. ടിപി. പത്മലോചനന്‍, എല്‍ എന്‍ ദേവിക മിനി, കെ മാധവി എന്നിവര്‍ സംസാരിച്ചു. എം സി ശ്രീധരന്‍ സ്വാഗതവും പി ശശിധരന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ ടി.കെ. സനല്‍കുമാര്‍ പ്രഖ്യാപിച്ചു. ഭാരവാഹികളായി പി. ശിവശങ്കര്‍ (പ്രസിഡന്റ്), ശശിധരന്‍ പൊറ്റെക്കാട്ട് (സെക്രട്ടറി), വി.എസ് വെങ്കിട്ടരമണി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.