സി.പി.എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നാളെ ആരംഭിക്കും
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നാളെ ആരംഭിക്കും. സി.പി.എം പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 30 വര്‍ഷത്തിനുശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആതിഥ്യം വഹിക്കുന്നത്. മാര്‍ച്ച് ഒന്‍പതിന് റെഡ് വൊളന്റിയര്‍ മാര്‍ച്ച്, പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും.
നഗരത്തിലെ ആശ്രമം മൈതാനിയും കൊല്ലം കോര്‍പ്പറേഷന്‍ ടൗണ്‍ഹാളുമാണ് വേദികള്‍. പൊതുസമ്മേളനം ആശ്രമത്ത് സജ്ജമാക്കിയ പ്രത്യേക വേദിയില്‍ നടക്കും. സമ്മേളനത്തെ വരവേല്‍ക്കാന്‍ നഗരം മുഴുവന്‍ ഒരുങ്ങിയിട്ടുണ്ട്. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രത്യേക സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
പ്രതിനിധി സമ്മേളനം നടക്കുന്നത് കൊല്ലം കോര്‍പ്പറേഷന്‍ ടൗണ്‍ ഹാളില്‍ ആണ്. 530 സമ്മേളന പ്രതിനിധികള്‍ക്ക് പുറമെ ലക്ഷങ്ങള്‍ കൊല്ലത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ. കൊല്ലത്ത് മൂന്നാം തവണ നടക്കുന്ന സംസ്ഥാന സമ്മേളനം, ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ചതാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളില്‍ ആണ് സംഘടക സമിതി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയും നിയമസഭാ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെ ക്ഷീണവും സര്‍ക്കാരും പാര്‍ട്ടിയും നേരിട്ട വിവാദങ്ങളും ചര്‍ച്ചാ വിഷയമാകും. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, കടല്‍ മണല്‍ ഖനന വിഷയം തുടങ്ങിയവയെല്ലാം ചര്‍ച്ച കൊഴുപ്പിക്കും. 75 എന്ന പ്രായപരിധി കര്‍ശനമായി പാലിക്കുമെന്നു പാര്‍ട്ടി നേതൃത്വം ആവര്‍ത്തിച്ചതോടെ സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവര്‍, പുതുതായി ഉള്‍പ്പെടാവുന്നവര്‍ എന്നിവരെച്ചൊല്ലിയുള്ള ചര്‍ച്ചകളും ആകാംക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.