ഷഹബാസിനെതിരെ ഇന്‍സ്റ്റഗ്രാമിലൂടെ കൊലവിളി നടത്തി; കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്
കോഴിക്കോട്: താമരശ്ശേരിയിലെ പത്താംക്ലാസുകാരന്‍ ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. ഷഹബാസിനെതിരെ പ്രതികള്‍ ഇന്‍സ്റ്റഗ്രാം വഴി കൊലവിളി നടത്തിയെന്നും നേരിട്ട് കണ്ടാല്‍ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ നിന്നാണ് നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചത്.
നഞ്ചക് ഉപയോഗിച്ച് മര്‍ദിക്കുമെന്ന് പ്രതികള്‍ ഭീഷിണിപ്പെടുത്തി. ഷഹബാസിന്റെ സുഹൃത്തുകളും പ്രതികളായ വിദ്യാര്‍ഥികളും തമ്മില്‍ മുമ്പും പരസ്പരം ഏറ്റുമുട്ടാന്‍ വെല്ലുവിളിച്ചിരുന്നു. രണ്ട് സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് പകയുണ്ടാവാന്‍ കാരണമായത്.
ഷഹബാസ് ഉപയോഗിച്ച ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. താമരശ്ശേരി എസ്എച്ച്ഒ സായൂജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും സൈബര്‍ സെല്ലുമാണ് ഷഹബാസ് ഉപയോഗിച്ച ഫോണ്‍ പരിശോധിച്ചത്. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളിലെ ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും ,അക്കൗണ്ടുകള്‍ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം മെറ്റയ്ക്ക് മെയില്‍ അയച്ചിരുന്നു. അതേസമയം കേസിലെ പ്രതികള്‍ പരീക്ഷ എഴുതുന്നതിനെതിരെ ഇന്നും കെഎസ്യു-എംഎസ്എഫ് പ്രതിഷേധമുണ്ടായി.