വയനാട് തുരങ്കപാതയ്ക്ക് കടുത്ത വ്യവസ്ഥതകളോടെ നിര്‍മാണാനുമതി
തിരുവനന്തപുരം: വയനാട് തുരങ്ക പാതയ്ക്ക് സര്‍ക്കാര്‍ നിര്‍മാണാനുമതി നല്‍കി. ആനക്കാംപൊയില്‍ -മേപ്പാടി പാതയ്ക്കാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി നിര്‍മാണ അനുമതി നല്‍കിയത്. മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നത് ഉള്‍പ്പെടെ വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്.
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മാണത്തിന് വ്യവസ്ഥകളോടെ അന്തിമ റിപ്പോര്‍ട്ട് നല്‍കാമെന്ന് ഈ മാസം ഒന്നിന് ചേര്‍ന്ന സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ സമിതി യോഗത്തിലാണ് വിദ്ഗദസമിതി ശിപാര്‍ശ ചെയ്തത്. ഇത് അംഗീകരിച്ച് കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇതോടെ 2134 കോടി രൂപയുടെ പദ്ധതിയുടെ നിര്‍മാണത്തിലേക്ക് സര്‍ക്കാരിന് കടക്കാനാവും. പരിസ്ഥിതി ലോല മേഖലയായതിനാല്‍ കടുത്ത വ്യവസ്ഥതകളോടെയാണ് അനുമതി.
ഉചിതമായ സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കണം, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷമ സ്‌കെയില്‍ മാപ്പിങ് തുടര്‍ച്ചയായി നടത്തുകയും നിരീക്ഷിക്കുകയും വേണം, ടണല്‍റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കുന്ന കാലാവസ്ഥാ സ്റ്റേഷനുകള്‍ സ്ഥാപിക്കണം, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ് രീതികള്‍ തെരഞ്ഞടുക്കണം,ജില്ലാ കലക്ടര്‍ ശിപാര്‍ശ ചെയ്യുന്ന നാലംഗ വിദഗ്ധ സമിതി ഇതെല്ലാം നിരീക്ഷിക്കുന്നതിനായി രൂപീകരിക്കണം, നിര്‍മാണത്തിലേര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തുക തുടങ്ങിയ നിബന്ധനകളാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്. അപ്പന്‍കാപ്പ് ആനത്താര സംരക്ഷണം, ബാണാസുര ചിലപ്പന്‍ പക്ഷിയുടെ സംരക്ഷണം, ഇരവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തുക, തുടങ്ങിയവും ഉറപ്പാക്കപ്പെടണമെന്നും വിദഗ്ദ സമിതി നിര്‍ദേശത്തിലുണ്ട്.