പൊള്ളുന്നു; യുവി ഇന്‍ഡക്‌സ് തോത് അപകടകരമായ നിലയിലെത്തിയെന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ , സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെത്തിയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാവിലെ 10നും മൂന്നിനും ഇടയില്‍ വെയില്‍ കൊള്ളുന്ന സഹാചര്യം ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം,കൊല്ലം ജില്ലകളില്‍ ഇന്നലെ യുവി ഇന്‍ഡക്‌സ് തോത് 7 ന് മുകളിലെത്തി.
സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് നിശ്ചയിക്കുന്നത് യു.വി.ഇന്‍ഡക്‌സിലാണ്. പൂജ്യത്തിനും 12 നും ഇടയിലാണ് ഇത് രേഖപ്പെടുത്തുന്നത്. യുവി ഇന്‍ഡക്‌സ് മൂന്നുവരെ മനുഷ്യര്‍ക്ക് പ്രശ്‌നമുണ്ടാക്കില്ല. 9 വരെയുള്ള യുവി ഇന്‍ഡക്‌സില്‍ ഒരു മണിക്കൂര്‍ വെയിലേറ്റാല്‍ പൊള്ളലേല്‍ക്കും. 9ന് മുകളിലായാല്‍ പത്തു മിനിറ്റ് വെയിലേറ്റാല്‍ ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാകും. സൂര്യാതപത്തിനും സൂര്യാഘാതത്തിനും ഇത് ഇടയാക്കും. കൊല്ലം കൊട്ടാരക്കരയില്‍ ഇന്നലെ രേഖപ്പെടുത്തിയ യുവി ഇന്‍ഡക്‌സ് തോത് 10 ആണ്. കോട്ടയം ചങ്ങനാശേരിയില്‍ എട്ടും രേഖപ്പെടുത്തി. പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍,പാലക്കാട്, മലപ്പുറം ജില്ലകളില്‍ 6നും 7 നും ഇടയിലാണ് യുവി ഇന്‍ഡക്‌സ് തോത്.